മസൂദ് പെസഷ്‌കിയാനെ വധിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചെന്ന് ഇറാന്‍

Update: 2025-07-11 06:44 GMT

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനെ വധിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചെന്ന് ഇറാന്‍. ജൂണ്‍ 13നും 25നും ഇടയിലാണ് ആക്രമണം നടന്നതെന്ന് മസൂദ് പെസഷ്‌കിയാന്റെ പ്രധാന ഉപദേഷ്ടാവായ സയ്യിദ് മെഹ്ദി തബാതബി പറഞ്ഞു. സൈനിക-രാഷ്ട്രീയ നേതൃത്വവുമായി പ്രസിഡന്റ് ചര്‍ച്ച നടത്തുന്ന സമയത്താണ് വലിയ ആക്രമണമുണ്ടായത്. പക്ഷേ, ആര്‍ക്കും ഒന്നും സംഭവിച്ചില്ലെന്നും തബാതബി പറഞ്ഞു. യുദ്ധം തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസും ഇസ്രായേലും മറ്റു ചില രാജ്യങ്ങള്‍ വഴി ഇറാനെ സമീപിച്ചു. മിസൈല്‍ ശേഷിയുടെ കാര്യത്തില്‍ ഒരു രാജ്യവുമായും ഇറാന്‍ ചര്‍ച്ചയ്ക്കില്ലെന്നും തബാതബി പറഞ്ഞു. ഒരു രാജ്യത്തിന് നേരെ അണുബോംബിട്ടവരാണ് ഇറാന്റെ സമാധാനപരമായ ആണവപദ്ധതികളെ എതിര്‍ക്കുന്നത്. ആണവശുദ്ധീകരണം ഇറാന്റെ ദേശീയ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.