യെമനില്‍ ഇസ്രായേലി വ്യോമാക്രമണം; തിരിച്ചടിച്ച് അന്‍സാറുല്ല

Update: 2025-07-07 04:04 GMT

സന്‍ആ: യെമനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേല്‍. 2023ല്‍ യെമനിലെ അന്‍സാറുല്ല കസ്റ്റഡിയില്‍ എടുത്ത ഗ്യാലക്‌സി ലീഡര്‍ കപ്പല്‍, ഹുദൈദ തുറമുഖം, റാസ് ഇസ തുറമുഖം, സൈഫ് തുറമുഖം, രണ്ട് വൈദ്യുതി നിലയങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഗ്യാലക്‌സി ലീഡര്‍ കപ്പലില്‍ രൂപീകരിച്ച കമാന്‍ഡ് സെന്റര്‍ വഴിയാണ് ചെങ്കടലിലെ കപ്പലുകളെ അന്‍സാറുല്ല നിരീക്ഷിക്കുന്നതെന്ന് ഇസ്രായേല്‍ ആരോപിച്ചു.


20 ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് 50 ബോംബുകള്‍ ഇട്ടതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലി ആക്രമണത്തില്‍ ആറു പേര്‍ രക്തസാക്ഷിയായെന്നും 15 പേര്‍ക്ക് പരിക്കേറ്റെന്നും യെമനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തദ്ദേശീയമായി വികസിച്ച സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രായേലി ഫൈറ്റര്‍ ജെറ്റുകളെ തുരത്തിയെന്നും യെമനി മാധ്യമങ്ങള്‍ അറിയിച്ചു.

ഇസ്രായേലി ആക്രമണത്തിന് പിന്നാലെ രണ്ടു മിസൈലുകള്‍ ഉപയോഗിച്ച് അന്‍സാറുല്ല ഇസ്രായേലിനെ ആക്രമിച്ചു. ഈ മിസൈലുകള്‍ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യങ്ങളില്‍ പതിച്ചു.

ജെറുസലേം, ഹെബ്രോണ്‍ തുടങ്ങിയ പ്രദേശങ്ങളുടെ മുകളിലൂടെയാണ് മിസൈലുകള്‍ കടന്നു പോയത്.