ദമസ്‌കസ്: സിറിയയിലെ ഡ്രൂസ് വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സുവായ്ദ പ്രദേശത്ത് വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രണം. സുവായ്ദയില്‍ അറബ് വിഭാഗങ്ങളും ഡ്രൂസ് വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ സിറിയന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ വ്യോമാക്രണം നടത്തിയത്. സിറിയന്‍ സൈന്യത്തില്‍ നിന്നും ഡ്രൂസുകളെ സംരക്ഷിക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഇസ്രായേലി ആക്രമണത്തില്‍ ഇതുവരെ 93 സിറിയന്‍ സൈനികര്‍ അടക്കം 200 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വ്യോമാക്രണം നിര്‍ത്താന്‍ യുഎസും യുകെയും ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
ഇസ്രായേല്‍ പണ്ട് പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളില്‍ നിന്നുള്ള ഡ്രൂസുകള്‍ സിറിയയിലേക്ക് കടന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഗോലാന്‍ കുന്നുകളിലെ മജ്ദല്‍ ശാംസ് എന്ന നഗരത്തില്‍ നിന്നാണ് അവര്‍ സിറിയയിലേക്ക് കടന്നത്. ഡ്രൂസുകളെ തുടച്ചുനീക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ചെറുക്കണമെന്നും അവരുടെ രാഷ്ട്രീയ നേതാവായ ശെയ്ഖ് ഹിക്മത്ത് അല്‍ ഹജ്‌രി മറ്റു ഡ്രൂസുകളോട് ആവശ്യപ്പെട്ടിരുന്നു.
ശെയ്ഖ് ഹിക്മത്ത് അല്‍ ഹജ്‌രി
സുവായ്ദ പ്രദേശത്തെ ഒരു വ്യാപാരിയെ ചിലര്‍ കൊള്ളയടിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ തുടങ്ങാന്‍ കാരണമെന്ന് സിറിയയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പറയുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഡ്രൂസ് വിഭാഗങ്ങളും അറബ് വിഭാഗങ്ങളും പരസ്പരം തട്ടിക്കൊണ്ടുപോവലുകള്‍ നടത്തിയത്രെ. ഇത് പിന്നീട് സായുധ ആക്രമണങ്ങളിലേക്കും ഡ്രോണ്‍ ആക്രമണങ്ങളിലേക്കും മാറുകയായിരുന്നു. ജൂലൈ 13ന് സുവായ്ദയിലെ അല്‍ മാഖ്വൂസ് പ്രദേശത്താണ് ആദ്യമായി സായുധ ഏറ്റുമുട്ടലുണ്ടായത്. അല്‍ സുറ, അല്‍ തയ്‌റ എന്നീ ഗ്രാമങ്ങളിലെ അറബ് സൈനിക സംഘങ്ങള്‍ ഡ്രോണുകളും ഹെവി ആയുധങ്ങളും മറ്റും ഉപയോഗിച്ച് പോലിസ് ചെക്ക്‌പോസ്റ്റുകളും മറ്റും ആക്രമിച്ചു. മെന്‍ ഓഫ് ഡിഗിനിറ്റി എന്ന ഡ്രൂസ് സായുധ സംഘം പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഡ്രൂസുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു അവരുടെ പരാതി. പിന്നീട് ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി തട്ടിക്കൊണ്ടുപോയവരെ വിട്ടയച്ചു. പക്ഷേ, ജൂലൈ 15ന് വീണ്ടും ആക്രമണങ്ങള്‍ ആരംഭിച്ചു.
സുവായ്ദയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്നും പോലിസ് കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നുമാണ് സിറിയന്‍ പ്രതിരോധ മന്ത്രി അബു ഖുസ്ര പറഞ്ഞത്. എന്നാല്‍, ഡ്രൂസുകള്‍ ഇത് തള്ളി. സമുദായങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാതെ വിദേശത്ത് നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നാണ് ശെയ്ഖ് ഹിക്മത്ത് അല്‍ ഹജ്‌രി ആരോപിച്ചത്. എന്നാല്‍, ഡ്രൂസുകള്‍ ഇസ്രായേലി കെണിയില്‍ വീഴരുതെന്ന് ലബ്‌നാനിലെ ഡ്രൂസ് നേതാവായ വാലിദ് ജംബാലത്ത് ആവശ്യപ്പെട്ടു. സിറിയ, ലബ്‌നാന്‍, അധിനിവേശ ഫലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ ജീവിക്കുന്ന ഒരു അറബ് വിഭാഗമാണ് ഡ്രൂസുകള്‍. ഈജിപ്തില്‍ 11ാം നൂറ്റാണ്ടില്‍ തുടങ്ങിയ ഈ ''ഇസ്‌ലാമിക'' വിഭാഗത്തില്‍ ഏകദേശം പത്ത് ലക്ഷം അംഗങ്ങളുണ്ട്.

