''ഗസയില്‍ യാസറിന്റെ സംഘം പരാജയപ്പെട്ടു'': പുതിയ സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കി ഇസ്രായേല്‍

Update: 2025-07-04 04:26 GMT

തെല്‍അവീവ്: ഗസയിലെ ഹമാസ് അടക്കമുള്ള പ്രതിരോധ പ്രസ്ഥാനങ്ങളെ നേരിടുന്നതില്‍ ഐഎസ് ബന്ധമുള്ള യാസര്‍ അബു ശബാബിന്റെ സംഘം പരാജയപ്പെട്ടതായി ഇസ്രായേലി വിലയിരുത്തല്‍. 400 പേരുള്ള യാസറിന്റെ സംഘത്തിന് ഇസ്രായേലിന്റെ സൈന്യമുള്ള റഫയ്ക്ക് അപ്പുറം പോവാന്‍ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ വെസ്റ്റ്ബാങ്ക് ഭരിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയുമായി ബന്ധമുള്ള മറ്റു രണ്ടു ഗോത്രങ്ങളിലെ നേതാക്കള്‍ക്കും സംഘത്തിനും ആയുധങ്ങള്‍ നല്‍കാന്‍ തുടങ്ങി.

ഓപ്പറേഷന്‍ ഗിഡിയണ്‍ രഥത്തിന്റെ ഭാഗമായി ഇസ്രായേലി സൈന്യമുള്ള ഖാന്‍ യൂനിസിലും ഗസ സിറ്റിയിലും പ്രവര്‍ത്തിക്കുന്ന രണ്ടു സംഘങ്ങള്‍ക്കാണ് ഇസ്രായേല്‍ സഹായം നല്‍കുന്നതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ ആയുധങ്ങള്‍ നല്‍കുന്ന സംഘങ്ങള്‍ക്ക് ഫലസ്തീന്‍ അതോറിറ്റിയാണ് ശമ്പളം നല്‍കുന്നത്.

ഗസയിലെ ഫതഹ് പാര്‍ട്ടി പ്രവര്‍ത്തകനായ റാമി ഖാലാസ് ആണ് ഒരു സംഘത്തിന് നേതൃത്വം നല്‍കുന്നത്.

റാമി ഖാലാസ്


ഖാലാസ് ഗോത്രത്തിലെ അംഗമാണ് ഇയാള്‍. ഫതഹ് കേന്ദ്ര സമിതി അംഗവും ഗസയിലെ ഫലസ്തീന്‍ അതോറിറ്റി പ്രതിനിധിയുമായ അബു മാഹിറും ഈ ഗോത്രത്തിലെ അംഗമാണ്. ഖാന്‍ യൂനിസിലെ സംഘത്തിന് നേതൃത്വം നല്‍കുന്നത് ഖാനിദാക് ഗോത്രത്തിലെ അംഗമായ യാസര്‍ ഖാനിദാക്കാണ്.

യാസര്‍


ഇയാള്‍ക്കും ആയുധങ്ങള്‍ നല്‍കുന്നത് ഇസ്രായേലാണ്. ശമ്പളം ഫലസ്തീന്‍ അതോറിറ്റിയും നല്‍കുന്നു. 2007ല്‍ ഫതഹ് പാര്‍ട്ടിയെ ഹമാസ് പരാജയപ്പെടുത്തിയിരുന്നു. അന്നുമുതല്‍ ഹമാസിനെ പരാജയപ്പെടുത്താന്‍ ഫതഹ് പല ശ്രമങ്ങളും നടത്തിയെങ്കിലും അതെല്ലാം വിഫലമായി. അതോടെയാണ് ഇസ്രായേലിനെ കൂട്ടുപിടിച്ചിരിക്കുന്നത്. വെസ്റ്റ്ബാങ്കിലെ ഇസ്രായേലി അധിനിവേശം തടയാന്‍ കഴിയാത്തവര്‍ ഗസയെ സംരക്ഷിക്കുമോയെന്നാണ് ഹമാസ് ചോദിക്കുന്നത്.