തെല്‍അവീവ്: ഗസയിലെ സമാധാനപദ്ധതിയുടെ ഭാഗമായ അന്താരാഷ്ട്ര സൈന്യത്തില്‍ തുര്‍ക്കി സൈനികരെ ഉള്‍പ്പെടുത്തരുതെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍. തുര്‍ക്കി സൈനികരെ ഗസയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മുതിര്‍ന്ന ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന് മുതിര്‍ന്ന ഹമാസ് നേതാക്കളുമായി നേരിട്ടുള്ള ബന്ധമുണ്ടെന്നതാണ് കാരണം. ഗസയില്‍ തടവിലുള്ള ജൂതന്‍മാരെ ഹമാസ് വിട്ടുനല്‍കുന്നതില്‍ തുര്‍ക്കി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് യുഎസ് വിലയിരുത്തുന്നത്. അതിനാല്‍ തന്നെ വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തിലും അന്താരാഷ്ട്ര സൈന്യത്തിലും തുര്‍ക്കിക്ക് പങ്കാളിത്തം വേണമെന്നാണ് ട്രംപിന്റെ നിലപാട്. ബോര്‍ഡ് ഓഫ് പീസ് എന്ന സംവിധാനത്തിന് കീഴിലായിരിക്കും തുര്‍ക്കി സൈനികര്‍ പ്രവര്‍ത്തിക്കുകയെന്നും അതിനാല്‍ ഇസ്രായേല്‍ ഭയക്കേണ്ടതില്ലെന്നും യുഎസ് ഉറപ്പുനല്‍കുന്നു.