സിറിയയിലെ തുര്‍ക്കിയുടെ റഡാറുകള്‍ക്കെതിരേ ഇസ്രായേല്‍; ട്രംപിനോട് പരാതി പറയും
ദമസ്‌കസ്: സിറിയന്‍ സര്‍ക്കാരിന് വേണ്ടി തുര്‍ക്കി സ്ഥാപിച്ച റഡാറുകള്‍ക്കെതിരേ ഇസ്രായേല്‍. ഈ റഡാറുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇസ്രായേലി യുദ്ധവിമാനങ്ങളുടെ നീക്കങ്ങള്‍ ചോരാന്‍ കാരണമാവുമെന്നാണ് ആരോപണം. ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തുര്‍ക്കി വിവരം അറിയുമെന്നാണ് ഇസ്രായേലിന്റെ ആശങ്ക.
സിറിയയുടെ വ്യോമാതിര്‍ത്തി ഇഷ്ടം പോലെ ഉപയോഗിക്കാന്‍ സാധിക്കണമെന്നാണ് ഇസ്രായേലി സൈനിക നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ മാത്രമാണ് അവര്‍ക്ക് മറ്റുരാജ്യങ്ങളില്‍ യഥേഷ്ടം ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കൂ. 2024 ഡിസംബറില്‍ ബശാറുല്‍ അസദ് അധികാരത്തില്‍ നിന്നും പുറത്തായ ശേഷം സിറിയയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം ഇസ്രായേല്‍ തകര്‍ത്തിരുന്നു. പിന്നീടാണ് സിറിയയിലെ അല്‍ ഷറ സര്‍ക്കാരുമായി തുര്‍ക്കി ശക്തമായ ബന്ധം സ്ഥാപിച്ചത്. സിറിയക്ക് പലതരത്തിലുള്ള സൈനിക സഹായങ്ങളാണ് തുര്‍ക്കി നല്‍കുന്നത്.
തുര്‍ക്കിയുടെ ഇത്തരം ഇടപെടല്‍ ഇസ്രായേലി വ്യോമസേനയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നാണ് ഇസ്രായേലിന്റെ ആശങ്ക. അതിനാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരാതി നല്‍കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വാഷിങ്ടണില്‍ പോയി ട്രംപിന് നേരില്‍കണ്ട് ബെഞ്ചമിന്‍ നെതന്യാഹു വിഷയം ഉന്നയിക്കും.
തുര്‍ക്കി ഇസ്രായേലിന്റെ ശത്രുവാണെന്നാണ് ഇസ്രായേലി സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതിനാല്‍ തന്നെ, യുഎസ് മധ്യസ്ഥതയില്‍ ഫലസ്തീനിലെ ഗസയില്‍ വിന്യസിക്കുന്ന അന്താരാഷ്ട്ര സൈന്യത്തില്‍ തുര്‍ക്കിയുടെ സൈനികര്‍ പാടില്ലെന്ന നിലപാടും അവര്‍ സ്വീകരിച്ചു.
