യെമനിലെ അന്‍സാറുല്ല സര്‍ക്കാരിനെ ആക്രമിക്കാന്‍ തയ്യാറെടുത്ത് സൗദി പിന്തുണയുള്ള വിഭാഗം
ദോഹ: യെമന്‍ തലസ്ഥാനമായ സന്‍ആ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍സാറുല്ല നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ആക്രമിക്കാന്‍ തയ്യാറെടുത്ത് സൗദി പിന്തുണയുള്ള യെമന്‍ വിഭാഗം. തെക്കന്‍ യെമനെ വേര്‍പിരിക്കാന്‍ യുഎഇയുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന എസ്ടിസി സംഘടനയെ നേരിട്ടതിന് പിന്നാലെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യം പുതിയ നീക്കത്തിന് മുതിരുന്നത്. സൗദി പിന്തുണയുള്ള, ഏഥന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യെമന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അന്‍സാറുല്ലയില്ലാത്ത എല്ലാ പ്രദേശങ്ങളും നിയന്ത്രിക്കുന്നു. യെമനിലെ അന്‍സാറുല്ല ഒഴിച്ചുള്ള എല്ലാ സായുധ വിഭാഗങ്ങളെയും ഈ സര്‍ക്കാരില്‍ ചേര്‍ക്കുമെന്ന് പ്രസിഡന്റ് റഷാദ് അല്‍ അലിമി പ്രഖ്യാപിച്ചു. ഇതിനായി സുപ്രിം മിലിറ്ററി കമ്മിറ്റിയും രൂപീകരിച്ചു. സമാധാനപരമായ നടപടികള്‍ക്ക് വഴങ്ങാത്തവരെ നേരിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഈ പ്രഖ്യാപനത്തെ അന്‍സാറുല്ലയും ഗൗരവത്തിലെടുത്തുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. കനത്ത പോരാട്ടത്തിന് തയ്യാറെടുക്കാനാണ് അന്‍സാറുല്ല നേതൃത്വത്തിന്റെ തീരുമാനം. യുഎസിന്റെയും പാശ്ചാത്യരുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ നേരിട്ട കരുത്താണ് അന്‍സാറുല്ലക്കുള്ളത്. 2014 മുതല്‍ സൗദി നേതൃത്വത്തിലുള്ള അറബ് സൈനിക സഖ്യത്തെയും അവര്‍ വിജയകരമായി നേരിട്ടു. കൂടാതെ ഗസയ്ക്ക് പിന്തുണ നല്‍കി ചെങ്കടലില്‍ നടത്തിയ ഓപ്പറേഷനുകള്‍ അവര്‍ക്ക് വലിയ ജനകീയ പിന്തുണയും നല്‍കുന്നു.
2000 കാലത്ത് യെമന്‍ സര്‍ക്കാര്‍ പൂര്‍ണമായും അടിച്ചമര്‍ത്തി എന്ന് വിശ്വസിച്ചിരുന്ന സ്ഥിതിയില്‍ നിന്നും സന്‍ആ പിടിച്ചെടുക്കുന്ന രീതിയിലേക്ക് വളര്‍ന്നവരാണ് അന്‍സാറുല്ല. അബ്ദുല്‍ മാലിക് അല്‍ ഹൂത്തി എന്ന ശക്തനായ പണ്ഡിതനാണ് അവരുടെ നേതാവ്. ഏഥന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യെമന്‍ സര്‍ക്കാര്‍ സൗദി അറേബ്യയുടെയും പാശ്ചാത്യരുടെയും പാവയാണെന്നാണ് അന്‍സാറുല്ല വിശ്വസിക്കുന്നത്. അതിനാല്‍ ആ സര്‍ക്കാരുമായി സംസാരിക്കാനും തയ്യാറല്ല. പ്രശ്‌നപരിഹാരത്തിന് സൗദിയുമായി നേരിട്ട് ചര്‍ച്ച നടത്താമെന്നാണ് അന്‍സാറുല്ല പറയുന്നത്. 2022ല്‍ ജിദ്ദയിലെ എണ്ണ ശേഖരണിയില്‍ നടത്തിയ മിസൈല്‍ ആക്രമണം സൗദിയെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിച്ചതായും അന്‍സാറുല്ല നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. സന്‍ആയില്‍ ആരെങ്കിലും ആക്രമണം നടത്തിയാല്‍ അതിന് മറുപടി സൗദിയില്‍ നല്‍കുമെന്നാണ് അന്‍സാറുല്ലയുടെ പ്രഖ്യാപനം.
