പോക്‌സോ നിയമം കുറ്റാരോപിതരായ സ്ത്രീകള്‍ക്ക് ബാധകമാണോ? പരിശോധിക്കുമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമത്തിന് ലിംഗഭേദമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രിംകോടതി. സ്ത്രീകള്‍ കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രം നടത്തിയാല്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ബാധകമാണോ എന്നാണ് പരിശോധിക്കുക. ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ ബെംഗളൂരു സ്വദേശി അര്‍ച്ചനാ പാട്ടീല്‍ നല്‍കിയ ഹരജിയിലാണ് തീരുമാനം. ഹരജി പരിഗണിച്ച കോടതി അര്‍ച്ചന പാട്ടീലിനെതിരായ വിചാരണ സ്റ്റേയും ചെയ്തു. 13 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് 48കാരിയായ അര്‍ച്ചനക്കെതിരായ കേസ്.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ച്ചന നേരത്തെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ പുരുഷന്‍മാര്‍ക്കാണ് ബാധകമെന്നും തനിക്ക് ബാധകമല്ലെന്നുമായിരുന്നു വാദം. എന്നാല്‍, ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളി. പോക്‌സോ നിയമം ലിംഗഭേദമില്ലാതെ എല്ലാ കുട്ടികളെയും സംരക്ഷിക്കുന്നുവെന്നും വ്യവസ്ഥകള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് അര്‍ച്ചന സുപ്രിംകോടതിയെ സമീപിച്ചത്.