പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ 2025- സെപ്റ്റംബറില്‍ കൊണ്ടുപോയതിലുള്ള അന്വേഷണം പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ശക്തമാക്കി. കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ എസ്ഐടി കൊടുത്ത റിപ്പോര്‍ട്ടിലാണ് ഇതിന്റെ സൂചനകളുള്ളത്. ശബരിമലയില്‍നടന്ന സ്വര്‍ണക്കൊള്ള റിപ്പോര്‍ട്ട് ചെയ്തസമയത്ത് 2019-ല്‍ നടന്നതുമാത്രം അന്വേഷിക്കാനായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഓരോ രണ്ടാഴ്ച കൂടിയപ്പോഴും എസ്ഐടി ഹൈക്കോടതിക്ക് നല്‍കിവന്ന റിപ്പോര്‍ട്ടുകളില്‍ പുതിയ വിവരങ്ങള്‍ വന്നതോടെ കേസിന്റെ വ്യാപ്തി കൂടിവന്നു. നാലു വിഭാഗങ്ങളായുള്ള അന്വേഷണമായി ഇത് വികസിക്കാനിടയാക്കിയതും കേസിന്റെ ഈ വൈപുല്യമായിരുന്നു. അങ്ങനെ നാലാമത്തെ വിഭാഗമായിട്ടാണ് കഴിഞ്ഞവര്‍ഷം ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് ഉള്‍പ്പെട്ടത്. അതേസമയം, കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ അഭൂതപൂര്‍വമായ തിരക്ക് പോലീസ് മനഃപൂര്‍വം ഉണ്ടാക്കിയതാണെന്ന് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട്.തീര്‍ഥാടകരെ വെര്‍ച്വല്‍ ക്യൂവോ സ്പോട് ബുക്കിങ്ങോ ഇല്ലാതെ പോലീസ് മനഃപൂര്‍വം സന്നിധാനത്തേക്ക് കടത്തിവിട്ടതായി ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ ആര്‍.ജയകൃഷ്ണനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബുക്കിങ്ങില്ലാതെ തീര്‍ഥാടകരെ കടത്തിവിട്ടതിന് ഹൈക്കോടതി പോലീസിനോട് വീശദീകരണം തേടി.