തെല്‍അവീവ്: റഫാല്‍ കമ്പനിയും ഇസ്രായേലി പ്രതിരോധ മന്ത്രാലയവും സംയുക്തമായി നിര്‍മിച്ച അയണ്‍ ബീം ലേസര്‍ ഡിഫന്‍സ് സംവിധാനം ഇസ്രായേലി സൈന്യത്തിന് കൈമാറി. അയണ്‍ ഡോം, ഡേവിഡ്‌സ് സ്ലിങ്, ഏരോ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് പുറമെയാണ് പുതിയ സംവിധാനം. മിസൈലുകള്‍, മോര്‍ട്ടാര്‍ ഷെല്ലുകള്‍, യുഎവികള്‍ എന്നിവയെ നേരിടാന്‍ ഇതിന് കഴിയുമെന്നാണ് ഇസ്രായേലി സൈന്യം കണക്കുകൂട്ടുന്നത്. അയണ്‍ ഡോമിന് 10 കിലോമീറ്റര്‍ അകലെയുള്ള മിസൈലുകളെ മാത്രമേ തടയാന്‍ കഴിയൂ. എന്നാല്‍, അയണ്‍ ബീം ലേസര്‍ ഡിഫന്‍സ് സംവിധാനത്തിന് 40 കിലോമീറ്റര്‍ അകലെയുള്ള മിസൈലുകളെ തടയാന്‍ കഴിയും. 100 കിലോവാട്ട് എനര്‍ജിയുള്ള ബീമുകളാണ് മിസൈലുകളെ നശിപ്പിക്കുക. ഒരു മിസൈലിനെ നശിപ്പിക്കാന്‍ പുതിയ സംവിധാനത്തിന് 10 ഡോളര്‍ വരെയാണ് ചെലവ് വരുക. അയണ്‍ ഡോമില്‍ ഒരു മിസൈലിന് നശിപ്പിക്കാന്‍ 30,000 ഡോളറിന് അടുത്ത് ചെലവ് വരും.
ഓപ്പറേഷന്‍ തൂഫാനുല്‍ അഖ്‌സയില്‍ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ഫലസ്തീനികളുടെ മിസൈലുകള്‍ മറികടന്നിരുന്നു. യെമനിലെ അന്‍സാറുല്ല അയച്ച മിസൈലുകളും ഡ്രോണുകളും ഇസ്രായേലില്‍ വലിയ നാശങ്ങളുണ്ടാക്കി. ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന്റെ മിസൈലുകളും ഇസ്രായേലില്‍ വലിയ നാശങ്ങളുണ്ടാക്കി. യുഎസ് സൈന്യം നല്‍കിയ താഡ് വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇസ്രായേല്‍ സമ്പൂര്‍ണ തകര്‍ച്ച ഒഴിവാക്കിയത്.