'' കടുവയെ പിടിച്ചിട്ട് പോയാല്‍ മതി'' വനം വകുപ്പ് ഉദ്യോഗസ്ഥരെ കടുവയ്ക്കുവെച്ച കൂട്ടില്‍ പൂട്ടിയിട്ട് കര്‍ഷകര്‍
ഗുണ്ടല്‍പേട്ട്: ഗ്രാമത്തിലെത്തി കന്നുകാലികളെ ആക്രമിക്കുന്ന കടുവകളെ പിടികൂടാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍. കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ടായിരുന്നു പ്രതിഷേധം. കര്‍ണാടകയിലെ ചമരജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിലായിരുന്നു സംഭവം. ബന്ദിപ്പൂര്‍ കടുവ സങ്കേതത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ കന്നുകാലികളെ കൊല്ലുന്നത് പതിവാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. വന്യജീവികളെ പിടികൂടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഗൗരവമായി എടുത്തില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ഒരു കൂട് സ്ഥാപിച്ചതല്ലാതെ പ്രശ്നം പരിഹരിക്കാന്‍ മറ്റ് നടപടികളൊന്നും വനംവകുപ്പ് സ്വീകരിച്ചില്ലെന്നും അവര്‍ പറയുന്നു.
കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു പശുക്കുട്ടി ചത്തിരുന്നു. സ്ഥലത്തെ സ്ഥിതിവിവരങ്ങള്‍ പരിശോധിക്കാനായി ചൊവ്വാഴ്ച ബൊമ്മലാപുരയില്‍ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് കര്‍ഷകര്‍ കടുവയെ കുടുക്കാന്‍ വെച്ച കൂട്ടില്‍ പൂട്ടിയിട്ടത്. വിവരമറിഞ്ഞ് ഗുണ്ടല്‍പേട്ട് എസിഎഫ് സുരേഷും ബന്ദിപ്പൂര്‍ എസിഎഫ് നവീന്‍ കുമാറും സ്ഥലത്തെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തി. കുങ്കിയാനകളെ ഉപയോഗിച്ച് കടുവകളെ പിടികൂടാനുള്ള തിരച്ചില്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. അതിനുശേഷമാണ് കര്‍ഷകര്‍ ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.
