ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു: ഇറാന്‍

Update: 2025-06-18 18:36 GMT

തെഹ്‌റാന്‍: ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എല്ലാം പൂര്‍ണമായും തകര്‍ത്തെന്ന് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ്. ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-3ന്റെ 12ാം ഘട്ടം കഴിഞ്ഞാണ് പ്രഖ്യാപനം. ''ഇപ്പോള്‍, അധിനിവേശ പ്രദേശങ്ങളുടെ വ്യോമാതിര്‍ത്തി ഇറാനിയന്‍ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും തുറന്നിട്ടിരിക്കുന്നു.''-പ്രസ്താവന പറയുന്നു.

അധിനിവേശ ഫലസ്തീനില്‍ തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണെന്ന് ഫലസ്തീനില്‍ സയണിസ്റ്റ് സംവിധാനം സ്ഥാപിച്ച് ജീവിക്കുന്ന കുടിയേറ്റക്കാരെ ഇറാന്‍ അറിയിച്ചു. നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയ സയണിസ്റ്റുകള്‍ക്ക് നരകത്തിന്റെ വാതില്‍ തുറക്കുമെന്ന് ഐആര്‍ജിസി മുന്‍ മേധാവി ഹൊസൈന്‍ സലാമി പറഞ്ഞിരുന്നു. അത് നടപ്പാക്കുകയാണ്. '' ഇനി മുതല്‍ അപായമണികള്‍ നിലയ്ക്കില്ല. സയണിസ്റ്റുകള്‍ ഷെല്‍ട്ടറുകളിലിരുന്ന് ക്രമേണ മരിക്കണോ പലായനം ചെയ്യണോ എന്ന് തിരഞ്ഞെടുക്കണം.''- പ്രസ്താവന പറയുന്നു.