യുഎഇ തീരത്ത് നിന്ന് ചരക്കുകപ്പല്‍ പിടിച്ച് ഇറാന്‍

Update: 2025-11-16 03:02 GMT

തെഹ്‌റാന്‍: യുഎഇ തീരത്തുനിന്ന് ചരക്കുകപ്പല്‍ പിടിച്ച് ഇറാന്‍. തങ്ങളുടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന കപ്പലാണ് പിടിച്ചെടുത്തതെന്ന് ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോപ്‌സ് (ഐആര്‍ജിസി) പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയിലെ ഖോര്‍ഫക്കാനില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ സഞ്ചരിക്കുകയായിരുന്ന മാര്‍ഷല്‍ ഐലന്‍ഡ് പതാകയുള്ള തലാര എന്ന കപ്പലാണ് പിടിച്ചെടുത്തത്. ഷാര്‍ജയില്‍ നിന്നും സിംഗപൂരിലേക്കാണ് കപ്പല്‍ പോയിക്കൊണ്ടിരുന്നത്. ഇതിനെയാണ് ഐആര്‍ജിസി പിടികൂടി ഇറാനിലേക്ക് കൊണ്ടുപോയത്. ഇറാന്റെ ദേശീയതാല്‍പര്യവും വിഭവങ്ങളും സംരക്ഷിക്കാനാണ് നടപടിയെന്നും അവര്‍ അറിയിച്ചു. സൈപ്രസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാഷ ഫിനാന്‍സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് തലാര. കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തെന്ന് യുഎസും യുകെയും സ്ഥിരീകരിച്ചു.