ഇസ്രായേലിനെതിരായ മൂന്നാം ആക്രമണം ഉടന്‍ ഉണ്ടാവുമെന്ന് ഐആര്‍ജിസി കമാന്‍ഡര്‍

Update: 2025-02-19 13:38 GMT

തെഹ്‌റാന്‍: ഇസ്രായേലിനെതിരായ മൂന്നാം ആക്രമണം ഉടന്‍ ഉണ്ടാവുമെന്ന് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോപ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ. ആദ്യ രണ്ടു ആക്രമണങ്ങളും വിജയകരമായിരുന്നുവെന്നും ട്രൂ പ്രോമിസ് ത്രീ എന്ന പേരില്‍ മൂന്നാം ആക്രമണം ഉടനുണ്ടാവുമെന്നും എയറോസ്‌പേസ് ഫോഴ്‌സ് മേധാവി കൂടിയായ അമീര്‍ അലി ഹാജിസാദെ പറഞ്ഞു.

''യുദ്ധം ഉണ്ടാവാതിരിക്കാന്‍ യുദ്ധത്തിന് തയ്യാറായിരിക്കണമെന്ന് രാഷ്ട്രീയനേതൃത്വം അറിയിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിയില്‍ അമേരിക്കക്കാര്‍ക്കും സയണിസ്റ്റുകള്‍ക്കും ഒരു യുദ്ധം കൂടി താങ്ങാന്‍ കഴിയില്ല. ശത്രുക്കള്‍ പലതവണ ശ്രമിച്ചിട്ടും ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉണ്ടാക്കുന്നത് തടയാന്‍ കഴിഞ്ഞിട്ടില്ല. ഒരു ദിവസം പോലും ഉല്‍പ്പാദനം നിര്‍ത്തേണ്ട അവസ്ഥയുണ്ടായിട്ടില്ല.''- അമീര്‍ അലി ഹാജിസാദെ പറഞ്ഞു.

തൂഫാനുല്‍ അഖ്‌സയിലുണ്ടായ പരാജയം പരിഹരിക്കാന്‍ ഇസ്രായേലിന് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികളുടെ പോരാട്ടത്തില്‍ തന്ത്രപരമായ പരാജയമാണ് ഇസ്രായേല്‍ നേരിട്ടത്. ഇതോടെ അവരുടെ വിശ്വാസ്യത പോയി. എല്ലാതരത്തിലുമുള്ള ക്രൂരതകള്‍ നടത്തിയിട്ടും ഗസയില്‍ ഇസ്രായേലിന് ലക്ഷ്യങ്ങളൊന്നും നേടാനായില്ല. മാത്രമല്ല, ഇസ്രായേലിന്റെ സ്വഭാവം ലോകത്തിന് തിരിച്ചറിയാനും കഴിഞ്ഞു. യുഎസിന്റെ പിന്തുണയില്ലാതെ ഇസ്രായേലിന് മുന്നോട്ടുപോവാന്‍ കഴിയില്ല.

തൂഫാനുല്‍ അഖ്‌സയും ഇറാന്റെ ആക്രമണവും കൂടി നടന്നപ്പോള്‍ ഇസ്രായേലിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുത്തു. അവരുടെ സൈനികരാണ് ഇസ്രായേലിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. മെഡിറ്ററേനിയന്‍, ചെങ്കടല്‍ തീരങ്ങളില്‍ നാല് അമേരിക്കന്‍ പടക്കപ്പലുകളുടെ സാന്നിധ്യവുമുണ്ടായി. പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളുടെ റഡാര്‍ ശൃംഖലകള്‍ യുഎസും ഇസ്രായേലും ഉപയോഗിച്ചെങ്കിലും ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ കഴിഞ്ഞില്ല. ഷിറാസില്‍ നിന്നും ഞങ്ങള്‍ ഒരു മിസൈല്‍ അയക്കുകയാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ ഉടന്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും ഇസ്രായേലിലും ജോര്‍ദാനിലും എത്തും. എന്നിട്ടും ഞങ്ങള്‍ അയച്ച 75 ശതമാനം മിസൈലുകളും ഇസ്രായേലില്‍ എത്തി. ഇത് അവരുടെ പരാജയമാണ് കാണിക്കുന്നത്. ഇറാന്‍ അയച്ച 150 മിസൈലുകളില്‍ എട്ടെണ്ണത്തെ മാത്രമാണ് യുഎസ് പടക്കപ്പലുകള്‍ക്ക് തകര്‍ക്കാനായതെന്നും അമീര്‍ അലി ഹാജിസാദെ വിശദീകരിച്ചു.