ഐഎസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടു

Update: 2025-03-14 15:14 GMT

ബാഗ്ദാദ്: ഇറാഖിലെയും സിറിയയിലെയും ഐഎസിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടു. അബ്ദുല്ല മക്കി മുസ്‌ലിഹ് അല്‍ റുഫായി എന്ന അബൂ ഖദീജയാണ് കൊല്ലപ്പെട്ടതെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയ അല്‍ സുഡാനി അറിയിച്ചു. ഇറാഖിലെയും ലോകത്തിലെയും ഏറ്റവും അപകടകാരിയായ വ്യക്തിയാണ് ഇയാളെന്ന് ഇറാഖ് പ്രധാനമന്ത്രി ആരോപിച്ചു. യുഎസ് സൈന്യത്തിന്റെ സഹകരണത്തോടെ ഇറാഖി സൈന്യമാണ് ഇയാളെ കൊലപ്പെടുത്തിയത്.


താന്‍ ഖലീഫയാണെന്ന് ഐഎസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി അവകാശപ്പെട്ട സമയത്ത് ഡെപ്യൂട്ടി ഖലീഫ പദവി വഹിച്ചിരുന്നത് അബൂ ഖദീജയാണ്. ഇറാഖിന്റെയും സിറിയയുടെയും വാലി, അതോറൈസ്ഡ് കമ്മിറ്റിയുടെ മേധാവി, വിദേശ ഓപ്പറേഷനുകളുടെ തലവന്‍ തുടങ്ങിയ പദവികളും വഹിച്ചു. അബൂബക്കര്‍ അല്‍ ബാഗ്ദാദി 2019ല്‍ കൊല്ലപ്പെട്ട ശേഷം തകര്‍ന്ന സംഘടനയെ പുനസംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത് അബൂ ഖദീജയായിരുന്നു. സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങള്‍ യുഎസ് ആക്രമണത്തില്‍ നഷ്ടപ്പെട്ട ഐഎസ് ഗറില്ലാ ആക്രമണ രീതിയിലേക്ക് മാറണമെന്ന തീരുമാനം എടുത്തത് അബൂ ഖദീജയായിരുന്നു. ഇറാഖിലെ അല്‍ അന്‍ബര്‍ മരുഭൂമി കേന്ദ്രീകരിച്ചായിരുന്നു പീന്നീടുള്ള പ്രവര്‍ത്തനം. 2023ല്‍ ഇയാളെ വിദേശഭീകരവാദിയായി യുഎസ് പ്രഖ്യാപിച്ചു. 2024ന്റെ ആദ്യപകുതിയില്‍ മാത്രം ഇറാഖിലും സിറിയയിലും 153 ആക്രമണങ്ങള്‍ ഐഎസ് നടത്തിയിരുന്നു.