ബാഗ്ദാദ്: ഇറാഖിലെ മൊസ്യൂള്‍ നഗരത്തിലെ പ്രശസ്തമായ അല്‍ നൂരി മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. 850 വര്‍ഷം പഴക്കമുള്ള മസ്ജിദ് 2017ല്‍ ഐഎസ് സംഘടയും യുഎസ് പിന്തുണയുള്ള ഇറാഖി സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് തകര്‍ന്നത്. യുഎഇയും മറ്റു ചില രാജ്യങ്ങളും യുണെസ്‌കോയും സംയുക്തമായാണ് കഴിഞ്ഞ ഏഴു വര്‍ഷമായി മസ്ജിദ് പുനര്‍നിര്‍മിച്ചത്.
ഷാം പ്രദേശം ഭരിച്ചിരുന്ന നൂറുദ്ദീന്‍ അല്‍ സിങ്കി (1118-1174) എന്ന ഭരണാധികാരിയുടെ പേരില്‍ നിന്നാണ് മസ്ജിദിന് ഈ പേരുവന്നത്. കുരിശുയുദ്ധക്കാരുമായി ഏറ്റുമുട്ടിയ ശേഷമാണ് അദ്ദേഹം മൊസ്യൂള്‍ നഗരത്തില്‍ എത്തിയത്. 1172ലാണ് മസ്ജിദ് നിര്‍മിക്കാന്‍ അദ്ദേഹം ഉത്തരവിട്ടത്. 28 വര്‍ഷത്തെ ഭരണകാലത്ത് അദ്ദേഹം ദമാസ്‌കസ് പിടിക്കുകയും തന്റെ ഈജിപ്തിലെ കമാന്‍ഡറായ സലാഹുദ്ദീന്‍ അയ്യൂബിയുടെ വിജയങ്ങള്‍ക്ക് അടിത്തറയിടുകയും ചെയ്തു. മസ്ജിദ് പിന്നീട് തകര്‍ന്നെങ്കിലും 1942ല്‍ പുനര്‍നിര്‍മിച്ചു. പിന്നീട് ഐഎസിന്റെ കാലത്തെ യുദ്ധങ്ങളില്‍ മസ്ജിദ് തകര്‍ത്തു.