ഇസ്രായേലിനും സഖ്യരാജ്യങ്ങള്‍ക്കുമെതിരേ ഇസ്‌ലാമിക ഐക്യമുന്നണി വേണം: ഇറാനിലെ സുന്നി പണ്ഡിതര്‍

Update: 2025-06-29 14:07 GMT

തെഹ്‌റാന്‍: ഇസ്രായേലിനും അവരുടെ പടിഞ്ഞാറന്‍ സഖ്യരാജ്യങ്ങള്‍ക്കുമെതിരെ ഇസ്‌ലാമിക ഐക്യമുന്നണി വേണമെന്ന് ഇറാനിലെ സുന്നി പണ്ഡിതര്‍. ഇറാനെതിരെ ഇസ്രായേല്‍ അഴിച്ചുവിട്ട 12 ദിവസത്തെ യുദ്ധം വിജയിച്ചതിന് ശേഷം 1,300 സുന്നി പണ്ഡിതരാണ് മുസ്‌ലിം രാജ്യങ്ങളിലെ യുവാക്കളോട് ഈ ആവശ്യം ഉന്നയിച്ചത്. ശത്രുക്കളെ എതിര്‍ക്കലും ഇസ്‌ലാമിക മുന്നണിയെ പിന്തുണയ്ക്കലും മതപരമായ കടമയും ദൈവിക ബാധ്യതയും ആണെന്ന് പ്രസ്താവന പറയുന്നു.


യുഎസിന്റെയും യുകെയുടെയും പൈശാചിക നയങ്ങള്‍ മൂലമാണ് അക്രമത്തില്‍ അധിസ്ഥിതമായ ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടത്. മുസ്‌ലിം രാജ്യങ്ങളെ ബാധിച്ച അര്‍ബുദ വ്രണമാണ് ഇസ്രായേല്‍. പ്രതിരോധ മുന്നണിയുണ്ടായാല്‍ അവര്‍ വിജയിക്കില്ലെന്നതിന്റെ തെളിവാണ് ഇറാനിലെ അവരുടെ പരാജയം. ഇസ്രായേലി സംവിധാനത്തിനെതിരെ ഫലസ്തീനികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സ അപൂര്‍വ്വമായ ഇതിഹാസമാണ്. അത് സയണിസ്റ്റുകളുടെ സൈനിക ശക്തിയുടെയും സാമ്പത്തിക ശക്തിയുടെയും അടിത്തറ കോരിത്തുടങ്ങി. പ്രതിരോധ മുന്നണിയുടെ നേതാക്കളെ അവര്‍ ലക്ഷ്യമിടുന്നത് തന്നെ അവരുടെ ശത്രുത കാണിക്കുന്നു. ഇസ്‌ലാമിക മുന്നണിയെ പ്രായോഗികമായി പിന്തുണയ്ക്കാന്‍ മുസ്‌ലിം രാജ്യങ്ങളും ബുദ്ധിജീവികളും പോരാളികളും തയ്യാറാവണമെന്നും പ്രസ്താവന പറയുന്നു.