ശത്രു മാധ്യമങ്ങള്‍ തെറ്റായ വധശിക്ഷാ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: ഇറാന്‍ നീതിന്യായ വകുപ്പ്

Update: 2026-01-15 14:58 GMT

തെഹ്‌റാന്‍: ഇറാന്റെ ശത്രുക്കളായ മാധ്യമങ്ങള്‍ തെറ്റായ വധശിക്ഷാ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് നീതിന്യായ വകുപ്പ്. തെഹ്‌റാനിലും വിവിധ പ്രദേശങ്ങളിലും കലാപം നടത്തിയ ഇര്‍ഫാന്‍ സൊല്‍ത്താനിയെ ജനുവരി പതിനാലിന് വധിക്കുമെന്ന തെറ്റായ വാര്‍ത്ത യുഎസ് സര്‍ക്കാര്‍ പോലും വിശ്വസിക്കുകയുണ്ടായി. 26കാരനായ സൊല്‍ത്താനിയെ ജനുവരി പത്തിനാണ് പിടികൂടിയത്. ആഭ്യന്തരസുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചു, ശത്രുവിന് വേണ്ടി ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരേ പ്രചാരണം നടത്തി എന്നിവയാണ് കുറ്റങ്ങള്‍. വിചാരണക്കൊടുവില്‍ സൊല്‍ത്താനി ശിക്ഷിക്കപ്പെട്ടാല്‍ തന്നെ തടവുശിക്ഷ മാത്രമേ ലഭിക്കൂ. വധശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങള്‍ അയാള്‍ ചെയ്തതിന് തെളിവുകളില്ല. നിലവില്‍ കരാജ് സെന്‍ട്രല്‍ ജയിലില്‍ പ്രതി റിമാന്‍ഡിലാണ്. വിചാരണക്ക് ശേഷമായിരിക്കും കോടതി വിധി നടപ്പാക്കുകയെന്നും നീതിന്യായ വകുപ്പ് അറിയിച്ചു.