ഇസ്രായേലിന് 'ഡാഡിയുടെ' അടുത്തേക്ക് ഓടേണ്ടി വന്നു: ഇറാന്‍ വിദേശകാര്യ മന്ത്രി

Update: 2025-06-28 05:36 GMT

തെഹ്‌റാന്‍: ഇറാന്റെ ആക്രമണങ്ങള്‍ നേരിടാനാവാതെ ഇസ്രായേലിന് അതിന്റെ ഡാഡിയുടെ അടുത്തേക്ക് ഓടേണ്ടി വന്നെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ച്ചി. ആയത്തുല്ല അലി ഖാംനഇയെ നാണം കെട്ട മരണത്തില്‍ നിന്നും താന്‍ രക്ഷിച്ചു എന്ന ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയായാണ് അബ്ബാസ് അരാഗ്ച്ചി ഇങ്ങനെ പറഞ്ഞത്.

മണിക്കൂറുകള്‍ ക്ഷമയോടെ ചെലവഴിച്ച് നിര്‍മിക്കുന്ന പരവതാനികള്‍ക്ക് ഇറാന്‍ പ്രശസ്തമാണ്. പക്ഷേ, ഒരു ജനത എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ മൂല്യവും സ്വതന്ത്ര്യവും പ്രധാനമാണ്. ഇറാനുമായി കരാര്‍ വേണമെങ്കില്‍ പരമോന്നത നേതാവിനെതിരായ പരാമര്‍ശങ്ങള്‍ ട്രംപ് ഒഴിവാക്കണം. ഞങ്ങളുടെ മിസൈലുകളില്‍ നിന്ന് രക്ഷതേടി ഇസ്രായേല്‍ അതിന്റെ 'ഡാഡിയുടെ' അടുത്തേക്ക് ഓടിയത് മനസിലാക്കണം. ഇസ്രായേലിനെ ഒരു പാഠം പഠിപ്പിച്ച ഇറാനിയന്‍ ജനത ഭീഷണികളെയും അപമാനങ്ങളെയും ദയയോടെ സ്വീകരിക്കുന്നില്ല. ശത്രുക്കളുടെ തെറ്റിധാരണകള്‍ കൂടുതല്‍ മോശമായ തെറ്റുകളിലേക്ക് നയിക്കുകയാണെങ്കില്‍ ഇറാന്റെ യഥാര്‍ത്ഥ കഴിവുകള്‍ പുറത്തെടുക്കുമെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ തുടക്കത്തില്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയാണ് ആദ്യമായി ട്രംപിനെ ഡാഡിയെന്ന് വിശേഷിപ്പിച്ചത്. പിന്നീട് ഈ വിളി വ്യാപകമായി മാറുകയായിരുന്നു.