ഇറാനിലെ പ്രഥമ പരമോന്നത നേതാവിന്റെ പൂര്‍വികരുടെ വേരുകള്‍ ഇന്ത്യയില്‍

Update: 2025-06-20 06:29 GMT

തെഹ്‌റാന്‍: ഇന്ന് ലോകത്തിലെ എല്ലാ കണ്ണുകളും പാഞ്ഞുചെല്ലുന്നത് തേജസ്സാര്‍ന്ന മുഖകാന്തിയുള്ള ആ ഒരേയൊരു മനുഷ്യനിലേക്കാണ്- ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ലാ അലി ഹുസൈനി ഖാംനഈ എന്ന 86കാരനിലേക്ക്.

ഏകാധിപതിയായിരുന്ന മുഹമ്മദ് റിസാ ഷാ പഹ്ലവിയെ തുരത്തിയ 1979ലെ ഇറാന്‍ വിപ്ലവത്തെ തുടര്‍ന്ന് രൂപീകൃതമായ ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെ പ്രഥമ പരമോന്നത നേതാവായ ആയത്തുല്ലാ റൂഹുല്ലാ മുസ്തഫാവി മൂസവി ഖുമൈനി എന്ന ഇമാം ഖുമൈനിയുടെ പിന്‍ഗാമിയാണ് അലി ഖാംനഈ. 1989 മുതലാണ് അലി ഖാംനഈ രാഷ്ട്രത്തിന്റെ പരമോന്നത പദവിയില്‍ ഉപവിഷ്ഠനായിരിക്കുന്നത്.

സയ്യിദ് അലി ഖാംനഈയുടെ മുന്‍ഗാമിയായ ആയത്തുല്ലാ ഖുമൈനിയുടെ പൂര്‍വികരുടെ വേരുകള്‍ ഇന്ത്യയിലാണെന്നത് പലര്‍ക്കും അറിയാത്തൊരു വസ്തുതയാണ്.

ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കിയ ആയത്തുല്ലാ റൂഹുല്ലാ മുസ്തഫാവി മൂസവി ഖുമൈനി 1979ല്‍ രാജ്യത്തിന്റെ ആദ്യത്തെ പരമോന്നത നേതാവായി. അദ്ദേഹത്തിന്റെ പിതാമഹനായ സയ്യിദ് അഹ്‌മദ് മൂസവി 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉത്തര്‍പ്രദേശിലെ ബാരാബങ്കിക്കടുത്തുള്ള കിന്തൂര്‍ ഗ്രാമത്തിലാണ് ജനിച്ചത്.


ശിയാ പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്നു കിന്തൂര്‍. പിന്നീട് അദ്ദേഹം ഇറാഖിലെ നജഫിലേക്ക് താമസം മാറി. ഒടുവില്‍ 1834ല്‍ ഇറാനിലെ ഖുമൈന്‍ നഗരത്തില്‍ സ്ഥിരതാമസമാക്കി. മതപരവും രാഷ്ട്രീയവുമായ അധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അന്വേഷണം ഇവിടെനിന്നാണ് ആരംഭിച്ചത്. ഇറാനിയന്‍ രേഖകളില്‍ ഇപ്പോഴും കാണുന്ന ഇന്ത്യന്‍ എന്ന അര്‍ഥത്തിലുള്ള 'ഹിന്ദി' എന്ന പദവി അഹ്‌മദ് മൂസവി നിലനിര്‍ത്തിയത് ഇന്ത്യയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വംശപരമ്പരയുടെ തെളിവാണ്.


ഒരു നൂറ്റാണ്ടിനുശേഷം ഇറാന്റെ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഇമാം ഖുമൈനിയുടെ ആത്മീയതയിലുള്ള താല്‍പ്പര്യത്തിന് പിന്നിലെ പ്രേരകശക്തിയാണ് അഹ്‌മദ് മൂസവി എന്ന് വിശ്വസിക്കപ്പെടുന്നു.

ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവായിരുന്നു ഇമാം ഖുമൈനി. 1979ല്‍ ഇറാനിലെ പാശ്ചാത്യ അനുകൂല ഭരണാധികാരിയായിരുന്ന മുഹമ്മദ് റിസാ ഷാ പഹ്ലവിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് ഇമാം ഖുമൈനി ഇറാനിലെ ഇസ്ലാമിക് റിപബ്ലിക് സ്ഥാപിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായി. 1989 ജൂണ്‍ 3ന് അദ്ദേഹം മരണമടഞ്ഞു.

ഇറാന്റെ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ, മത പദവിയിലേക്ക് ഉയര്‍ന്നതിനുശേഷവും തെഹ്റാനിലെ ഒരു ഒറ്റനില വീട്ടില്‍ ലളിത ജീവിതം നയിച്ചിരുന്ന എളിമയുള്ള നേതാവായിരുന്നു ഖമൈനി. ഇന്നും അദ്ദേഹത്തിന്റെ വീട് യാതൊരു ആഡംബരവുമില്ലാതെ നിലനില്‍ക്കുന്നു.

സയ്യിദ് മഹ്ദി ഇമാം ജമാ ഈ വീട് അദ്ദേഹത്തിന് സൗജന്യമായി നല്‍കിയതായിരുന്നു. പക്ഷേ, ഖുമൈനി അദ്ദേഹത്തിന് ആയിരം റിയാല്‍ നല്‍കി. ഭരണത്തലവന്മാരുടെ വസതികള്‍ക്കു പതിവുള്ള അലങ്കാരങ്ങള്‍ ഒന്നുമില്ലാത്ത രണ്ട് ചെറിയ മുറികളോടു കൂടിയ വീടായിരുന്നു അത്.

വീട് പോലെ തന്നെ ലാളിത്യമാര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വവും. അനുയായികള്‍ അദ്ദേഹത്തിന്റെ വീടിന്റെ ചുവരുകളില്‍ ടൈലുകള്‍ പാകണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ സ്വന്തം ആഡംബരങ്ങള്‍ക്കായി പൊതുജനങ്ങളുടെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ് അദ്ദേഹം നിരസിച്ചു.


ഖുമൈനിയുടെ പിന്‍ഗാമിയായ ആയത്തുല്ലാ അലി ഖാംനഈ ആണ് ഇപ്പോള്‍ ഇറാനെ നയിക്കുന്നത്. യുഎസ് സമ്മര്‍ദ്ദവും തുടര്‍ച്ചയായ ഇസ്രായേലി ആക്രമണങ്ങളും ഉണ്ടായിരുന്നിട്ടും കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍, ഇറാന്‍ വഴങ്ങില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷഭരിതമായ പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേലും തുടര്‍ച്ചയായ ഏഴാം ദിവസവും ആക്രമണ, പ്രത്യാക്രമണങ്ങളുമായി മുന്നേറുന്നതിനിടെയാണ് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന ഈ പ്രഖ്യാപനം.