ഒമാന്‍ ഉള്‍ക്കടലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുഎസ് കപ്പലിനെ നേരിട്ട് ഇറാന്റെ ഹെലികോപ്റ്റര്‍

Update: 2025-07-24 02:44 GMT

തെഹ്‌റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തിരിച്ചയച്ച് ഇറാന്‍. മുന്നറിയിപ്പ് നല്‍കിയതോടെ കപ്പല്‍ തെക്ക് ഭാഗത്തേക്ക് പോയെന്ന് ഇറാന്‍ അറിയിച്ചു. ഇറാന്റെ നിരീക്ഷണത്തിലുള്ള പ്രദേശത്തേക്കാണ് യുഎസ് കപ്പല്‍ എത്തിയത്. ഉടനടി നാവികസേനയുടെ മൂന്നാം ഡിവിഷനില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് ചെല്ലുകയായിരുന്നു. കപ്പലിന് ചുറ്റും കറങ്ങിയ ഹെലികോപ്റ്റര്‍ തിരികെ പോവാന്‍ ക്യാപ്റ്റന് നിര്‍ദേശം നല്‍കി. എന്നാല്‍, അടുത്തുവന്നാല്‍ ആക്രമിക്കുമെന്ന് യുദ്ധക്കപ്പലിലെ ക്യാപ്റ്റന്‍ മറുപടി നല്‍കി. ഇതോടെ ഇറാന്‍ വ്യോമസേന കമാന്‍ഡ് ഇടപെട്ടു. വ്യോമസേനയുടെ പിന്തുണയിലാണ് ഹെലികോപ്റ്റര്‍ ഉള്ളതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ യുദ്ധക്കപ്പല്‍ തിരിച്ചുപോവുകയായിരുന്നു. 1980കള്‍ മുതല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലും ഒമാന്‍ ഉള്‍ക്കടലിലും ഹോര്‍മുസ് കടലിടുക്കിലും അതിക്രമിച്ചു കയറാന്‍ യുഎസ് ശ്രമിക്കുന്നുണ്ട്. 2019ല്‍ യുഎസിന്റെ ആര്‍ക്യു-4എ ഗ്ലോബല്‍ ഹോക്ക് ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടിരുന്നു.