''ഇറാനെ യുഎസ് ആക്രമിച്ചാല്‍ യുഎസ് താവളങ്ങള്‍ ആക്രമിക്കും''; അയല്‍രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍

Update: 2026-01-14 13:44 GMT

ദുബൈ/ദോഹ: യുഎസ് സൈനികതാവളങ്ങളുള്ള അയല്‍രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍. യുഎസ് ഇറാനെ ആക്രമിച്ചാല്‍ ഈ സൈനികതാവളങ്ങള്‍ സൈനികലക്ഷ്യമായി മാറുമെന്നാണ് വിദേശകാര്യമന്ത്രാലയം വഴി ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത്. പശ്ചിമേഷ്യയിലെ പ്രധാന സൈനികതാവളങ്ങളില്‍ നിന്ന് ചില ഉദ്യോഗസ്ഥര്‍ ഒഴിയണമെന്ന് യുഎസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാനില്‍ കൊലയും കൊള്ളയും നടത്തുന്ന സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇറാന്‍ അയല്‍രാജ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇറാനെതിരായ ആക്രമണം ഒഴിവാക്കാന്‍ സൗദി അറേബ്യയും ഖത്തറും ഒമാനും ശ്രമം തുടങ്ങിയിട്ടുണ്ട്. യുദ്ധം ആരംഭിക്കുകയാണെങ്കില്‍ അത് സമ്പദ് വ്യവസ്ഥ തകര്‍ക്കുമെന്നും വലിയ തോതിലുള്ള സായുധകലാപങ്ങള്‍ക്ക് കാരണമാവുമെന്നും സൗദി മുന്നറിയിപ്പ് നല്‍കുന്നു.