തെഹ്‌റാന്‍: അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്കിടെ മിസൈലുകള്‍ തൊടുത്തുവിട്ട് ഇറാന്റെ സൈനികാഭ്യാസം. ആയുധം പ്രയോഗിച്ചത് ഹോര്‍മുസ് കടലിടുക്കിലേക്ക്. ആഗോള എണ്ണ വിപണിയുടെ ഒരു പ്രധാന ചരക്കുപാതയാണ് ഹോര്‍മുസ് കടലിടുക്ക്.
ഇറാന്റെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്ന് ലോകരാജ്യങ്ങള്‍. ഹോര്‍മുസ് കടലിടുക്കിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ട് സൈനികാഭ്യാസം നടത്തിയ ഇറാന്‍, ഒരു ശക്തിക്കും കീഴടങ്ങില്ലെന്ന സന്ദേശമാണ് നല്‍കിയത്. ജനീവയിലാണ് ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നത്. ഒമാന്റെ മധ്യസ്ഥതയില്‍ ഐക്യരാഷ്ട്രസഭയിലെ ഒമാനി അംബാസഡറുടെ വസതിയിലാണ് ചര്‍ച്ച. വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാനില്‍ നിന്നുള്ളത്. അമേരിക്കയുടെ ഭാഗത്ത് നിന്ന് നയതന്ത്ര പ്രതിനിധി സംഘം ഉണ്ടെങ്കിലും താന്‍ നേരിട്ടല്ലെങ്കിലും ചര്‍ച്ചയില്‍ ഭാഗമാകുമെന്നാണ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്.
ചര്‍ച്ച തുടങ്ങി മണിക്കൂറുകള്‍ക്കകമാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകള്‍ സൈനികാഭ്യാസം നടത്തിയത്. ഇറാനില്‍ നിന്നും വിക്ഷേപിച്ച മിസൈലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ കൃത്യമായി പതിച്ചെന്ന് ഇറാനിലെ ഔദ്യോഗിക മാധ്യമത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക അഭ്യാസങ്ങളുടെ ഭാഗമായി ഇതുവഴിയുള്ള ജലപാതയുടെ ചില ഭാഗങ്ങള്‍ താത്കാലികമായി അടച്ചിട്ടിരുന്നു.
ജനീവയില്‍ നടക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കം നടത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്ക ആക്രമണം നടത്തിയാല്‍ ഹോര്‍മുസ് കടലിടുക്ക് വഴി വാണിജ്യ കപ്പലുകളുടെ സഞ്ചാരം തടയുമെന്നും പ്രത്യാക്രമണം നടത്തുമെന്നുമാണ് ഇറാനും വ്യക്തമാക്കിയിരിക്കുന്നത്. മേഖലയില്‍ യുദ്ധമോ ഏറ്റുമുട്ടലോ ഉണ്ടാകരുതെന്ന നിലപാടിലാണ് ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍. ഇതാണ് ആണവ വിഷയത്തില്‍ ഇറാനെയും അമേരിക്കയെയും ഒരു മേശയ്ക്ക് ഇരുപുറത്തേക്കുമായി എത്തിച്ചത്.
കൈവിരല്‍ കാഞ്ചിയിലുണ്ട്, ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അമേരിക്കയ്ക്ക് ഇറാന്‍ സേനാമേധാവിയുടെ ഈ താക്കീത് . രണ്ടാമത്തെ പടക്കപ്പലും ഇറാന്‍ തീരത്തേക്ക് അയച്ചാണ് അമേരിക്ക ഇതിനോടു പ്രതികരിച്ചത്.
സൈനീകശേഷിയില്‍ അമേരിക്കന്‍ പടയുടെ സമീപത്തൊന്നും ഇറാന്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇറാന്‍ നിസാരക്കാരല്ല. ഇസ്രായേലില്‍ തീ മഴ പെയ്യിച്ച് ഇറാന്‍ തങ്ങളുടെ ശക്തി ലോകത്തിന് മുന്നില്‍ തെളിയിച്ചതാണ്. ഇറാന്റെ ആവനാഴിയില്‍ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പടക്കോപ്പുകള്‍ നിരവധിയുണ്ട്. ബാലിസ്റ്റിക് മിസൈലുകളുടെ വന്‍ ശേഖരം തന്നേയാണ് ഇറാന്റെ കരുത്ത്. 2,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഖുറംഷഹര്‍, സെജ്ജില്‍ എന്നീ രണ്ട് മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇവരുടെ കുന്തമുനകളാണ്. ഏറ്റവും പ്രഹരശേഷി കൂടിയ അള്‍ട്രാ ഹെവി ലോങ്‌റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍. ഖുറംഷഹര്‍ എന്ന മിസൈലിന് 1500 മുതല്‍ 1,800 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും. ആകാശത്ത് വച്ച് തന്നെ നിരവധി ഭാഗങ്ങളായി ചിതറാനുള്ള ശേഷി പ്രത്യേകതയാണ്. 16 കിലോമീറ്റര്‍ ചുറ്റളവിലേക്ക് പൊടുന്നനെ വ്യാപിക്കും. ഇവയില്‍ ഓരോന്നിലും കിലോകണക്കിന് ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ അടങ്ങിയിരിക്കും. പലതായി ചിതറുന്നതിനാല്‍ ശത്രുവിന്റേ മേല്‍ തീമഴ പെയ്യിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് സാധിക്കും.

