തെഹ്‌റാന്‍: രാജ്യത്തിന്റെ ആണവപദ്ധതികള്‍ മുന്‍കാലത്തേക്കാള്‍ ശക്തമാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസേക്കിയാന്‍. ഇറാന്‍ ആണവോര്‍ജ ഏജന്‍സിയുടെ ഓഫിസ് സന്ദര്‍ശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആണവ വിദഗ്ദരുടെ പ്രവര്‍ത്തനങ്ങള്‍ ഒരുതരം ശാസ്ത്ര ജിഹാദാണെന്നും രാജ്യത്തോടുള്ള കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ നിരവധി ആണവശാസ്ത്രജ്ഞരെ ശത്രുക്കള്‍ കൊലപ്പെടുത്തി. എന്നിട്ടും പുരോഗതി തടയാനായില്ല. ആണവായുധം നിര്‍മിക്കല്‍ ഇറാന്റെ ലക്ഷ്യമല്ല. കൂട്ടനശീകരണ ആയുധങ്ങള്‍ പാടില്ലെന്ന് നിലപാടില്‍ നിന്നും പിന്‍മാറിയിട്ടില്ല. ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗമാണ് ലക്ഷ്യം. എന്നിട്ടും ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആണവപദ്ധതികളെ തടയാന്‍ ശ്രമിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ റേഡിയോ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയില്‍ ഇറാന്‍ മുന്നേറ്റം കൈവരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.