'മേഖലയിലെ യുഎസ് പങ്കാളിത്തമുള്ള മുഴുവന്‍ എണ്ണപ്പാടങ്ങളും കത്തിക്കും'; ഖാര്‍ഗ് ദ്വീപിലെ ആക്രമണത്തിന് പിന്നാലെ യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍
തെഹ്റാന്‍: ഖാര്‍ഗ് ദ്വീപിലിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം യുഎസ് തുടര്‍ന്നാല്‍ മേഖല ഒന്നാകെ ചാമ്പലാക്കുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍. മേഖലയിലെ യുഎസ് പങ്കാളിത്തമുള്ള മുഴുവന്‍ എണ്ണപ്പാടങ്ങളും കത്തിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് അറിയിച്ചു. ഇറാനിലെ എണ്ണപ്പാടങ്ങളുള്ള ഖാര്‍ഗ് ദ്വീപില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തിന് തൊട്ടുപിന്നാലെയാണ് പ്രതികരണം. ഇറാന്റെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഇവിടെയാണ്.
'ഇറാനിയന്‍ എണ്ണസംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം തുടരുന്നത് അംഗീകരിക്കാനാവില്ല. ഇനിയും തുടരുന്നപക്ഷം, മേഖലയിലെ യുഎസ് പങ്കാളിത്തമുള്ള മുഴുവന്‍ എണ്ണപ്പാടങ്ങളും ഞങ്ങള്‍ ലക്ഷ്യം വെക്കും. അധികം വൈകാതെ മേഖലയിലെ എണ്ണപ്പാടങ്ങള്‍ ചാരമായി മാറും'. ഖത്തം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് പ്രസ്താവിച്ചു.
ഖാര്‍ഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഖാര്‍ഗ് ദ്വീപിലെ ഇറാന്റെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും യുഎസ് നശിപ്പിച്ചെന്നും അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്. 'മര്യാദയുടെ ഭാഗമായി' നിലവില്‍ എണ്ണ കേന്ദ്രങ്ങളില്‍ ബോംബ് ഇട്ടിട്ടില്ലെന്നും കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ എണ്ണ കേന്ദ്രങ്ങളിലും ബോംബിടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
