ഇറാനെ ആക്രമിച്ചാല്‍ യുഎസ്-ഇസ്രായേല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാവും: പാര്‍ലമെന്റ് സ്പീക്കര്‍
തെഹ്‌റാന്‍: ഇറാനെ ആക്രമിച്ചാല്‍ യുഎസ്-ഇസ്രായേല്‍ കേന്ദ്രങ്ങള്‍ ആക്രമണ ലക്ഷ്യമാവുമെന്ന് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ്. '' തെറ്റിധാരണ ഒഴിക്കാന്‍ പറയുകയാണ്. ഇറാനെ ആക്രമിച്ചാല്‍, ഇസ്രായേല്‍-യുഎസ് സൈനിക കേന്ദ്രങ്ങളും താവളങ്ങളും കപ്പലുകളും നിയമപരമായ ആക്രമണമായി ലക്ഷ്യമായി മാറും.''-അദ്ദേഹം പറഞ്ഞു. ഇറാനിലെ ജനങ്ങളുടെ സമാധാനപരമായ സമരങ്ങളെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സായുധ തീവ്രവാദികളെ കര്‍ശനമായി നേരിടും. '' നിലവില്‍ സാമ്പത്തികം, ബുദ്ധിപരം, സൈനികം, തീവ്രവാദം തുടങ്ങി നാലു മുന്നണികളിലാണ് യുഎസുമായും ഇസ്രായേലുമായും ഇറാന്‍ സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നത്.
2025 ജൂണില്‍ 12 ദിവസം യുദ്ധം നടത്തി 1064 ഇറാനികളെ കൊലപ്പെടുത്തിയെങ്കിലും യുദ്ധം വിജയിക്കാന്‍ കഴിയാതിരുന്ന ശത്രുക്കള്‍ ഇപ്പോള്‍ തീവ്രവാദികളെ ഉപയോഗിച്ച് പുതിയ യുദ്ധം നടത്തുകയാണെന്നും ഖാലിബാഫ് ചൂണ്ടിക്കാട്ടി. '' വിദേശ സൈന്യങ്ങളെ ഇറാനിലേക്ക് ക്ഷണിക്കുന്നവര്‍, യുഎസ് പ്രസിഡന്റിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഐഎസ് രൂപീകരിക്കുന്നവര്‍, തീവ്രവാദ യുദ്ധം നടത്തുന്നവര്‍ എന്നിവരെ ഞങ്ങള്‍ കര്‍ശനമായി നേരിടും. പിടിക്കപ്പെട്ടവരെ ശിക്ഷിക്കും. സായുധ കലാപം നടത്തുന്നവരെ അതുപോലെ തന്നെ നേരിടും. ''-അദ്ദേഹം വിശദീകരിച്ചു. ഇറാനില്‍ സായുധ വിഭാഗങ്ങള്‍ നടത്തുന്ന കലാപം യുഎസ്-ഇസ്രായേല്‍ പിന്തുണയുള്ള ഹൈബ്രിഡ് യുദ്ധമാണെന്നാണ് ഇറാന്റെ വിലയിരുത്തല്‍.
