തെഹ്‌റാന്‍: ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ആളുടെ വധശിക്ഷ നടപ്പാക്കിയെന്ന് ഇറാന്‍. ബാബാക്ക് ശഹ്ബാസി എന്ന പ്രതിയേയാണ് തൂക്കിലേറ്റിയത്. ജൂണ്‍ മാസത്തില്‍ ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയപ്പോഴാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് വിചാരണ നടത്തി. വിചാരണക്കോടതി വിധിച്ച വധശിക്ഷ സുപ്രിംകോടതിയും ശരിവച്ചു.
'' ബാബാക്ക് ശഹ്ബാസി എന്ന മൊസാദ് ചാരന്‍ സയണിസ്റ്റ് ഭരണകൂടത്തിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി. ഇറാന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഇസ്രായേലിന് കൈമാറി. വധശിക്ഷ സുപ്രിംകോടതി ശരിവച്ചതിനെ തുടര്‍ന്ന് പ്രതിയെ തൂക്കിലേറ്റി.''- നീതിന്യായ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
ഇറാന്‍ സൈന്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ കൂളിങ് സംവിധാനങ്ങള്‍ സ്ഥാപിക്കലായിരുന്നു പ്രതിയുടെ ജോലി. അത് മൂലം നിരവധി സൈനിക സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു. പണവും യുഎസ് പൗരത്വവുമായിരുന്നു വാഗ്ദാനം. 2022 മുതല്‍ ഇസ്രായേലിന് വേണ്ടി പ്രവര്‍ത്തിച്ച ഇസ്മാഈല്‍ ഫെക്രി എന്ന ആളുടെ സുഹൃത്തുമായിരുന്നു പ്രതി. ഇസ്മാഈല്‍ ഫെക്രിയെ ജൂണില്‍ തൂക്കിക്കൊന്നിരുന്നു.
2025 ജൂണ്‍ 13നാണ് ഇസ്രായേല്‍ ഇറാനില്‍ പൊടുന്നനെ ആക്രമണം നടത്തിയത്. നിരവധി സൈനിക കമാന്‍ഡര്‍മാരും ആണവശാസ്ത്രജ്ഞരും സാധാരണക്കാരും കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ചു. ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-3 എന്ന പേരിലായിരുന്നു ഇറാന്റെ ആക്രമണം. ജൂണ്‍ 22ന് ഇസ്രായേലിനെ സഹായിക്കാന്‍ യുഎസും രംഗത്തെത്തി. ഇറാനിലെ മൂന്നു ആണവനിലയങ്ങളില്‍ യുഎസ് ബോംബിട്ടു. അതിന് പ്രതികാരമായി ഖത്തറിലെ യുഎസിന്റെ അല്‍ ഉദൈദ് എയര്‍ ബേസ് ഇറാന്‍ ആക്രമിച്ചു.
