കുപ്രസിദ്ധ ഇസ്രായേലി ചാരനെ തൂക്കിലേറ്റി ഇറാന്‍; മൊസാദ് ഏജന്റുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയത് ഇന്ത്യയില്‍
തെഹ്‌റാന്‍: ഇസ്രായേലി ചാരസംഘടനയായ മൊസാദിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇറാനി പൗരന്റെ വധശിക്ഷ നടപ്പാക്കി. ബഹ്മാന്‍ ചൂബി എന്നയാളുടെ ശിക്ഷയാണ് നടപ്പാക്കിയത്. ഇസ്രായേലിന് വേണ്ടി ഇറാനി ഡാറ്റാബേസുകള്‍ ചോര്‍ത്തിയെന്ന കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് വിചാരണക്കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്. നിയമപരമായ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഇന്നുരാവിലെയാണ് ശിക്ഷ നടപ്പാക്കിയത്. ഒരു ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന ബഹ്മാന് നിരവധി തരം ഡാറ്റാബേസുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു. അവയെല്ലാം ഇയാള്‍ മൊസാദിന് കൈമാറുകയായിരുന്നു.
ഇയാളെ നേരത്തെ തന്നെ മൊസാദ് റിക്രൂട്ട് ചെയ്തിരുന്നതായും ഇറാന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തി. വിദേശത്ത് ഡാറ്റാബേസ് കോഴ്‌സ് പഠിക്കുമ്പോഴാണ് മൊസാദ് ഏജന്റ് ഇയാളെ സംഘടിപ്പിച്ചത്. പിന്നീട് ഇഎസ്എംഐ എന്ന കമ്പനിയുടെ മറവില്‍ മൊസാദ് ഏജന്റ് ഡാറ്റാബേസുകള്‍ ശേഖരിച്ചു. മൊസാദ് ഏജന്റുമായി ആര്‍മേനിയയില്‍ വച്ച് കൂടിക്കാഴ്ച്ചക്ക് തീരുമാനിച്ചിരുന്നു. പക്ഷേ, സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. പിന്നീട് ഇന്ത്യയില്‍ വച്ചാണ് മൊസാദ് ഏജന്റുമായി ബഹ്മാന്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ചാരപ്രവര്‍ത്തനത്തെ കുറിച്ച് വിശദമായി പഠിപ്പിക്കുകയും പണവും മറ്റും നല്‍കുകയും ചെയ്തു. അതിന് ശേഷം 45 ദിവസത്തേക്ക് അയര്‍ലാന്‍ഡില്‍ കൊണ്ടുപോയി കൂടുതല്‍ പരിശീലനം നല്‍കി. അവിടെ വച്ച് കൂടുതല്‍ ചാരന്‍മാരെ പരിചയപ്പെടുത്തുകയും ചെയ്തു.
ഇറാനിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഡാറ്റാബേസ്, ഇലക്ട്രോണിക്‌സ് കമ്പനികളുടെ ഡാറ്റാബേസ്, തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങളുടെ ഡാറ്റാബേസ്, ഡാറ്റാബേസ് മേഖലയിലെ വിദഗ്ദരുടെ ബന്ധങ്ങള്‍ എന്നിവയാണ് മൊസാദ് ഏജന്റിന് വേണ്ടിയിരുന്നത്.
സര്‍ക്കാര്‍ ഡാറ്റ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറലായിരുന്നു മൊസാദിന്റെ ആദ്യ ലക്ഷ്യം. ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്രോതസുകളും റൂട്ടുകളും അറിയുകയായിരുന്നു രണ്ടാം ലക്ഷ്യം. ഇറാന്‍ സര്‍ക്കാരിന് ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ നല്‍കാന്‍ വേണ്ട കമ്പനി രൂപീകരിക്കാനും മൊസാദ് ഏജന്റ് ബഹ്മാന് നിര്‍ദേശം നല്‍കി. ഇലക്ട്രോണിക് അട്ടിമറിയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടിരുന്നത്. കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കാവുന്ന വിവിധ തരം വൈറസുകളെ നിര്‍മിക്കാനും ബഹ്മാനെ പഠിപ്പിച്ചു. വിവരങ്ങള്‍ രഹസ്യമായി കടത്താനും സ്വീകരിക്കാനുമുള്ള പരിശീലനം, പൊതു സംവിധാനങ്ങളിലൂടെ സുരക്ഷിതമായി മൊസാദ് ഏജന്റുമായി സംസാരിക്കേണ്ട രീതി എന്നിവയും പഠിപ്പിച്ചു. യുഎഇ, ആര്‍മേനിയ, ഇന്ത്യ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, അയര്‍ലാന്‍ഡ്, ബള്‍ഗേറിയ തുടങ്ങി ഒമ്പതുരാജ്യങ്ങളില്‍ വച്ച് മൊസാദ് ഏജന്റുമാരുമായി ബഹ്മാന്‍ 63 തവണ കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തി. 95 തവണ മൊസാദ് ഏജന്റുമാരുമായി ഇയാള്‍ ഇന്റര്‍നെറ്റ് വഴി ബന്ധപ്പെട്ടിരുന്നു. കൂടാതെ ചാരപ്രവര്‍ത്തനങ്ങള്‍ക്കായി രഹസ്യ ഉപകരണങ്ങള്‍ ഇറാനില്‍ കൊണ്ടുവരുകയും ചെയ്തു. ഇതെല്ലാം തെളിഞ്ഞതിനെ തുടര്‍ന്നാണ് വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ബഹ്മാന്റെ അപ്പീല്‍ സുപ്രിംകോടതി തള്ളിയതിനെ തുടര്‍ന്നാണ് രാവിലെ ശിക്ഷ നടപ്പാക്കിയത്.

