ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത് ഭീകരപ്രവര്‍ത്തനം

Update: 2025-07-05 13:20 GMT

തെഹ്‌റാന്‍: ലബ്‌നാനിലെ ബെയ്‌റൂത്തില്‍ നിന്നും 1982ല്‍ ഇറാന്റെ നാലു നയതന്ത്ര പ്രതിനിധികളെ ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയത് ഭീകരപ്രവര്‍ത്തനമാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. തട്ടിക്കൊണ്ടുപോവലിന്റെ 43ാം വാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പറഞ്ഞത്. 1982 ജൂലൈ അഞ്ചിന് ബെയ്‌റൂത്തില്‍ നിന്നും ചിലര്‍ തട്ടിക്കൊണ്ടുപോയ നയതന്ത്ര പ്രതിനിധികളെ പിന്നീട് ഇസ്രായേലിന് കൈമാറുകയായിരുന്നുവെന്ന് പ്രസ്താവന പറയുന്നു. ഈ സംഭവത്തില്‍ അന്താരാഷ്ട്ര കോടതികള്‍ വഴി നീതിക്കായി ശ്രമിക്കുമെന്നും ഇറാന്‍ അറിയിച്ചു. 2023 ഏപ്രിലില്‍ ഈ നാലു പേരെയും ഇറാന്‍ രക്തസാക്ഷികളായി പ്രഖ്യാപിച്ചിരുന്നു.

ലബ്‌നാനിലെ ഇറാനിയന്‍ എംബസിയിലെ സൈനിക അറ്റാഷെ അഹമദ് മൊതവാസലിയന്‍, എംബസി ഉദ്യോഗസ്ഥരായ സയ്ദ് മുഹ്‌സന്‍ മൗസാവി, താഗി രസ്‌തേഗാര്‍ മൊഗാദം, കാസിം അഖാവന്‍ എന്നിവരെയാണ് ഇസ്രായേല്‍ പിന്തുണയുള്ള ക്രിസ്ത്യന്‍ മിലിഷ്യകള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് അവരെ ഇസ്രായേലി സൈന്യത്തിന് കൈമാറി. അതിന് ശേഷം വിവരങ്ങളൊന്നും ലഭ്യമല്ല. സാമിര്‍ ഗിഗിയ എന്ന ക്രിസ്ത്യന്‍ മിലിഷ്യ നേതാവാണ് തട്ടിക്കൊണ്ടുപോവലുകള്‍ക്ക് പിന്നിലെന്ന് സ്ഥിരീകരണമുണ്ട്. ഇയാള്‍ക്കെതിരെ നിരവധി വധശ്രമങ്ങള്‍ പിന്നീട് നടന്നു.