തെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റാഫേല്‍ മരിയാനോ ഗ്രോസിയെ ഇറാനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുമെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി. വിവിധ ആണവോര്‍ജ പദ്ധതികളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറകള്‍ എടുത്തുമാറ്റാനും തീരുമാനമായി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇല്ലാതാക്കുന്ന ബില്ല് പാര്‍ലമെന്റ് പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.
യുഎസിനും ഇസ്രായേലിനും വേണ്ടി റാഫേല്‍ മരിയാനോ ഗ്രോസി ചാരപ്പണി നടത്തിയതായി ഇറാന്‍ പരോക്ഷമായി ആരോപിക്കുന്നുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് ഇറാന്‍ നല്‍കിയ വിവരങ്ങളെ ഇസ്രായേല്‍ ഉപയോഗിച്ചതായും സംശയിക്കപ്പെടുന്നു. അതേസമയം, ഏതാനും മാസങ്ങള്‍ക്ക് അകം യുറേനിയം സമ്പുഷ്ഠീകരണം തുടങ്ങാന്‍ ഇറാന് കഴിയുമെന്ന് റാഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു.