ഗസയിലെ ടെലികോം സൗകര്യങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍; ഇന്റര്‍നെറ്റ് സേവനം നിലച്ചു
ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യം ടെലികോം സൗകര്യങ്ങള്‍ ബോംബിട്ട് തകര്‍ത്തു. തുടര്‍ന്ന് ഗസ, വടക്കന്‍ ഗസ ഗവര്‍ണറേറ്റുകളിലെ ഇന്റര്‍നെറ്റ് സൗകര്യം നിലച്ചതായി ഫലസ്തീനിയന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി അറിയിച്ചു. അടിസ്ഥാനസൗകര്യങ്ങളില്‍ അറ്റകുറ്റപണി നടത്താന്‍ ജീവനക്കാര്‍ ശ്രമിക്കുന്നതായും അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും കമ്പനി വ്യക്തമാക്കി.
ഗസ സിറ്റിയിലെ പ്രധാന കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുമെന്ന് യൂറോ മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗസ്റ്റ് പതിനൊന്നു മുതല്‍ ഇസ്രായേല്‍ ബോധപൂര്‍വ്വം അത്തരം അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ക്കുന്നുവെന്നും യൂറോ മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ ചൂണ്ടിക്കാട്ടി.