ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്തെന്ന് വ്യവസായിയുടെ മൊഴി
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ 500 കോടി രൂപയുടെ പുരാവസ്തു കടത്താണെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി. ചെന്നിത്തല പറഞ്ഞ വിദേശ വ്യവസായിയുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. പുരാവസ്തു കടത്ത് സംഘത്തേക്കുറിച്ചുള്ള വിവരങ്ങള്‍ വ്യവസായി കൈമാറിയെന്നാണ് സൂചന. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ 500 കോടിയുടെ പുരാവസ്തു കടത്താണെന്നും ഇതിനേക്കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണസംഘത്തെ അറിയിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് ഈ വ്യവസായിയുടെ മൊഴിയെടുത്തത്.
അതേസമയം, കേസിലെ രേഖകള്‍ ആവശ്യപ്പെട്ട ഇഡി അന്വേഷണത്തെ എന്തുകൊണ്ട് എതിര്‍ക്കുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നു കോടതിയെ അറിയിക്കും. മറുപടി രേഖാമൂലം അറിയിക്കാന്‍ സമയം വേണമെന്നു പോലിസ് സംഘം കൊല്ലം വിജിലന്‍സ് കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ രേഖകള്‍ ആവശ്യപ്പെട്ടു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു. അന്വേഷണത്തിനു തടസമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇഡി കോടതിയെ സമീപിച്ചത്.