ഇതരജാതിയിലെ പെണ്‍കുട്ടിയെ പ്രണയിച്ചു; ദലിത് യുവാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു, ശരീരത്തില്‍ ചാണകം പുരട്ടി

Update: 2025-01-26 14:19 GMT

ഹൈദരാബാദ്: ഇതരജാതിക്കാരിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയ ദലിത് യുവാവിനെ തൂണില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. തെലങ്കാനയിലെ ശ്രീ സത്യസായ് ജില്ലയിലെ നരസിംപള്ളി ഗ്രാമത്തിലാണ് സംഭവം. 24 വയസുള്ള ആഞ്ജനേയലുവാണ് ആക്രമണത്തിന് ഇരയായത്. ആഞ്ജനേയലുവിനെയും പെണ്‍കുട്ടിയേയും പരിഗി മണ്ഡല്‍ പ്രദേശത്തെ ഉദുകുരു ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരും ജാതി സംഘവും ചേര്‍ന്ന് പിടികൂടിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

തുടര്‍ന്ന് ഇരുവരെയും വേര്‍പിരിച്ചു. ആഞ്ജനേയലുവിനെ വിവസ്ത്രനാക്കി വണ്ടിയില്‍ കെട്ടിയിട്ട് ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. അതിന് ശേഷം ഒരു തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചാണകം പുരട്ടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പക്ഷേ, സ്റ്റേഷനിലും ആഞ്ജനേയലുവിന് മര്‍ദ്ദനമേറ്റെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

മദിഗ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എംആര്‍പിഎസ് എന്ന സംഘടന നല്‍കിയ പരാതിയില്‍ ഏഴു അക്രമികള്‍ക്കെതിരേ പട്ടികജാതി-വര്‍ഗ പീഡനം തടയല്‍ നിയമപ്രകാരം പോലിസ് കേസെടുത്തിട്ടുണ്ട്. അതേസമയം, മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ആഞ്ജനേയലുവിനെതിരെ പെണ്‍കുട്ടിയുടെ പിതാവും പരാതി കൊടുത്തിട്ടുണ്ട്.