ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹവാഗ്ദാനം നല്‍കി 25 പവന്‍ സ്വര്‍ണം തട്ടിയെടുത്തതായി പരാതി; വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയാണ് തട്ടിപ്പിന് ഇരയായത്

Update: 2025-02-11 04:34 GMT

തലശ്ശേരി: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടയാളുമൊത്ത് ജീവിക്കാന്‍ കുട്ടിയുമൊത്ത് വീടുവിട്ട യുവതിയുടെ 25 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തെന്ന് പരാതി. കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തലശേരി പോലിസ് അന്വേഷണം തുടങ്ങി. കോഴിക്കോട് സ്വദേശിയായ ഷാം എന്ന യുവാവാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതിയെങ്കിലും ഇത് യഥാര്‍ത്ഥ പേരാണോ എന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലിസ് അറിയിച്ചു.

വിവാഹമോചിതയായ യുവതി വീട്ടുകാരുടെ കൂടെയാണ് ജീവിച്ചിരുന്നത്. അതിനിടെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാള്‍ വിവാഹവാഗ്ദാനം നല്‍കിയത്. ഇത് സ്വീകരിച്ച യുവതി വീട്ടുകാരോട് പറയാതെ സ്വര്‍ണവുമെടുത്ത് കോഴിക്കോട്ടേക്ക് പുറപ്പെടുകയായിരുന്നു. തലശേരിയില്‍ എത്താനായപ്പോള്‍ തലശേരി റെയില്‍വേ സ്‌റ്റേഷനിലെത്താന്‍ നിര്‍ദേശം ലഭിച്ചു. തന്റെ സുഹൃത്ത് റെയില്‍വേ സ്റ്റേഷനിലുണ്ടെന്നും അയാള്‍ക്ക് സ്വര്‍ണം കൈമാറാനും നിര്‍ദേശം വന്നു.

സ്വര്‍ണ്ണം കൈപറ്റിയ ആള്‍ യുവതിക്ക് കോഴിക്കോട് പോവാന്‍ വാഹനവും ഏര്‍പ്പാടാക്കി നല്‍കി. എന്നാല്‍, കോഴിക്കോട് എത്തിയ യുവതിക്ക് കാമുകനെ കാണാന്‍ കഴിഞ്ഞില്ല. ഇന്‍സ്റ്റ്ഗ്രാമില്‍ മെസേജ് അയച്ചെങ്കിലും മറുപടി കിട്ടിയില്ല. ഇതോടെ ഗതികേടിലായ യുവതി വീട്ടുകാരെ ബന്ധപ്പെടുകയായിരുന്നു. കണ്ണൂരില്‍നിന്ന് ബന്ധുക്കള്‍ കോഴിക്കോട്ട് പോയി യുവതിയെ നാട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. റെയില്‍വേ സ്‌റ്റേഷനില്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയ ആള്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.