ഛത്തീസ്ഗഡില്‍ വഖ്ഫ് സ്വത്ത് പരിശോധന തുടങ്ങി; കേന്ദ്രസര്‍ക്കാര്‍ അയച്ച പത്തംഗ സംഘമാണ് എത്തിയിരിക്കുന്നത്

Update: 2025-04-12 16:03 GMT

റായ്പൂര്‍: വഖ്ഫ് ഭേദഗതി നിയമം പാസായതിന് പിന്നാലെ ഛത്തീസ്ഗഡില്‍ വഖ്ഫ് സ്വത്തുക്കളുടെ പരിശോധന ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നും അയച്ച പത്തംഗ സംഘമാണ് റായ്പൂരില്‍ എത്തിയതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. വഖ്ഫ് സ്വത്തുക്കളുടെ നിലവിലെ അവസ്ഥകള്‍ പരിശോധിക്കാനും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ റിപോര്‍ട്ട് തയ്യാറാക്കാനുമാണ് സംഘം എത്തിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ ബിജെപി നേതാവും വഖ്ഫ് ബോര്‍ഡ് ചെയര്‍മാനുമായ സലീം രാജ് സംഘത്തെ അനുഗമിക്കുന്നുണ്ട്.

റായ്പൂരിലെ തിക്രപാറയിലെ ഫതഹ് ഷാ മാര്‍ക്കറ്റില്‍ സംഘം പരിശോധന നടത്തി. സംസ്ഥാനത്തെ ഏറ്റവും പ്രധാന വഖ്ഫ് സ്വത്തില്‍ ഒന്നാണ് ഈ മാര്‍ക്കറ്റ്. നിലവില്‍ റായ്പൂരിലെയും മഹാസമുന്ദ് ബലോദബസാറിലെയും പരിശോധനകള്‍ കഴിഞ്ഞതായി സലീം രാജ് പറഞ്ഞു. വഖ്ഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്ന പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് സലീം രാജ് നേരത്തെ പറഞ്ഞിരുന്നു. പള്ളികളില്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതിന് മുതവല്ലികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിലക്കുണ്ടെന്നും അയാള്‍ പറഞ്ഞു.