മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരേ അന്വേഷണം
ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ അലഹബാദ് ഹൈക്കോടതി സിറ്റിങ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരേ ആഭ്യന്തര അന്വേഷണം ആരംഭിച്ചെന്ന് ജസ്റ്റിസ് ഋഷികേശ് റോയ്. സുപ്രിംകോടതി ജഡ്ജി പദവിയില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് ഒരു നിയമ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഋഷികേശ് റോയ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവും തീരുമാനിക്കുന്ന സുപ്രിംകോടതി കൊളീജിയത്തിലെ അംഗമായിരുന്നു ജസ്റ്റിസ് ഋഷികേശ് റോയ്.
2024 ഡിസംബര്‍ എട്ടിന് വിശ്വ ഹിന്ദുപരിഷത്തിന്റെ (വിഎച്ച്പി) നിയമ സെല്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ജസ്റ്റിസ് ശേഖര്‍കുമാര്‍ യാദവ് മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയത്. ഇതേതുടര്‍ന്ന് സുപ്രിംകോടതി കൊളീജിയം ഇയാളെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. കൊളീജിയത്തിലെ ജഡ്ജിമാരോട് സ്വകാര്യമായി ക്ഷമാപണം നടത്താമെന്ന് ശേഖര്‍ കുമാര്‍ യാദവ് ആദ്യം സമ്മതിച്ചതായി ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. അതു ചെയ്യാതെ വന്നതോടെയാണ് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.
''മറ്റൊരു ഹൈക്കോടതിയിലെ ഒരു ജഡ്ജി വിവാദപ്രസ്താവന നടത്തിയ സംഭവവും ഉണ്ടായിരുന്നു. അയാള്‍ ക്ഷമാപണം നടത്തി. ക്ഷമാപണം നടത്താമെന്ന് ശേഖര്‍ കുമാര്‍ യാദവ് ഉറപ്പുനല്‍കിയെങ്കിലും ചെയ്തില്ല. അതിനാല്‍ ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.''-ജസ്റ്റിസ് ഋഷികേശ് റോയ് അഭിമുഖത്തില്‍ പറഞ്ഞു.
ജസ്റ്റിസ് യാദവിനെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ക്യാംപയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിട്ടുണ്ട്. കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഇംപീച്ച്‌മെന്റ് നോട്ടീസും നല്‍കിയിട്ടുണ്ട്. പ്രസംഗത്തില്‍ കേസെടുക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ്ജസ്റ്റിസിന് കത്തും നല്‍കി.
