ഗസയിലെ ഉപരോധം തകര്‍ക്കാന്‍ ഹന്‍ദല യാത്ര തുടങ്ങി; യാത്രക്കാര്‍ക്കുള്ള കുടിവെള്ളത്തില്‍ ആസിഡ് കലര്‍ത്താന്‍ ശ്രമം
ഗലിപുലി: ഫലസ്തീനിലെ ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാന്‍ ഫ്രീഡം ഫ്‌ളോട്ടില്ലയുടെ ഹന്‍ദല കപ്പല്‍ യാത്ര തുടങ്ങി. ഇറ്റലിയിലെ ഗലിപുലിയില്‍ നിന്നാണ് യാത്രയുടെ അവസാനഘട്ടം ആരംഭിച്ചിരിക്കുന്നത്.
ഗസാ നിവാസികള്‍ക്ക് നല്‍കാന്‍ ഭക്ഷണവും മരുന്നുകളും കപ്പലിലുണ്ട്. കപ്പല്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് രണ്ടു ദുരൂഹ സംഭവങ്ങളുണ്ടായി. പ്രൊപ്പല്ലറില്‍ ഒരു കയര്‍ കണ്ടെത്തി. ഇത് സാധാരണ ഗതിയില്‍ സംഭവിക്കുന്ന കാര്യമല്ല. ജൂലൈ 20ന് കപ്പലിലേക്ക് വെള്ളം കൊണ്ടുവരാന്‍ പോയ ട്രക്ക് സള്‍ഫ്യൂരിക് ആസിഡുമായാണ് വന്നത്. ഇതില്‍ കപ്പലിലുള്ള രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ഈ സംഭവങ്ങളില്‍ അന്വേഷണം വേണമെന്ന് ഫ്രീഡം ഫ്‌ളോട്ടില്ല ആവശ്യപ്പെട്ടു.
ഫലസ്തീന്‍ പ്രതിരോധത്തിന്റെയും സമരത്തിന്റെ മുന്‍നിരയില്‍ പ്രതീകാത്മകമായി ഉപയോഗിക്കുന്ന കൊച്ചുബാലനാണ് ഹന്‍ദല. ഫലസ്തീനിയന്‍ കാര്‍ട്ടൂണിസ്റ്റ് നാജി അല്‍ അലിയാണ് ഹന്‍ദലയുടെ സൃഷ്ടിക്ക്് പിന്നില്‍. 10 വയസ്സുകാരനായ ഫലസ്തീനി അഭയാര്‍ത്ഥി ബാലനായാണ് ഹന്‍ദലയെ ചിത്രീകരിച്ചിരിക്കുന്നത്. തന്നെ വീട്ടില്‍ നിന്നും ഇസ്രായേല്‍ കുടിയേറ്റക്കാര്‍ നിര്‍ബന്ധിതമായി പുറത്താക്കപ്പെട്ട സമയത്തെ കാര്‍ട്ടൂണിസ്റ്റ് അലിയുടെ വയസ്സിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇസ്രായേല്‍ അധിനിവേശം അവസാനിക്കുന്നത് വരെ ഹന്‍ദല 10 വയസ്സുകാരനായി തന്നെ തുടരുമെന്നാണ് കാര്‍ട്ടൂണിസ്റ്റ് പ്രഖ്യാപിച്ചത്.
കയ്പേറിയ ഫലം കായ്ക്കുന്ന, എന്നെന്നും നശിക്കാത്ത ഫലസ്തീനിലെ ഒരു സസ്യത്തില്‍ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. ആഴത്തില്‍ വേരുള്ള ഈ ചെടി എത്ര തന്നെ വെട്ടി മാറ്റിയാലും പിഴുതെറിഞ്ഞാലും വീണ്ടും തഴച്ചു വളരും. അതായത് ഫലസ്തീനിലെ കുഞ്ഞുങ്ങളെ എത്ര തന്നെ തളര്‍ത്തിയാലും പൂര്‍വാധികം ശക്തിയോടെ ഉയര്‍ന്നുവരുമെന്നാണ് ഇതിലൂടെ കാര്‍ട്ടൂണിസ്റ്റ് പറഞ്ഞുവെക്കുന്നത്. 2023ലും 2024ലും യൂറോപിലെയും യുകെയിലും വിവിധ തുറമുഖങ്ങളില്‍ ഹന്‍ദല കപ്പല്‍ പോയിരുന്നു. ഗസയിലെ വംശഹത്യയിലെ മാധ്യമ മൗനം തകര്‍ക്കലായിരുന്നു ലക്ഷ്യം.
