തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ജനരോഷമുയർത്തുക: എസ്ഡിപിഐ
തൃശ്ശൂർ: രാജ്യത്തെ ഗ്രാമീണ മനുഷ്യരുടെ ജീവിത സാഹചര്യം ഉയര്‍ത്തുന്നതിൽ വലിയ പങ്കുവഹിച്ച മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച വിബിജി റാംജി നിയമഭേദഗതിക്കെതിരെ ജനരോഷം ഉയരണം. കഴിഞ്ഞ 25 വർഷമായി രാജ്യത്ത് നടന്നുവരുന്ന തൊഴിലുറപ്പ് പദ്ധതിയോട് മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം അശാസ്ത്രീയ വ്യവസ്ഥകളിലൂടെയും കേന്ദ്ര വിഹിതം യഥാസമയം നൽകാതെയുമുള്ള പദ്ധതിയെ തകർക്കുന്ന സമീപനമാണുണ്ടായിരുന്നത്. മഹാത്മാ ഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് ഗാന്ധിയെ തുടച്ചുനീക്കുക എന്ന ഗൂഢ ലക്ഷ്യമാണ്. സംസ്ഥാനങ്ങളുടെ അധികാരം പിടിച്ചടക്കാൻ ശ്രമിക്കുന്ന ബിജെപി ഭരണകൂടം തൊഴിലുറപ്പ് പദ്ധതി നിയമഭേദഗതിയിലൂടെ ഗ്രാമപഞ്ചായത്തുകളുടെ അധികാരം കൂടി പിടിച്ചെടുക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ആസൂത്രണത്തിൽ ഗ്രാമപഞ്ചായത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് എന്താണോ നടപ്പാക്കേണ്ടത് അത് പഞ്ചായത്ത് കമ്മിറ്റിക്ക് തന്നെ നിർണയിക്കാൻ കഴിയുമായിരുന്നെങ്കിൽ പുതിയ നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന നാല് മേഖകളിൽ മാത്രമേ തൊഴിലെടുക്കാൻ സാധിക്കൂ. ഇത് പഞ്ചായത്തിന്റെ അധികാരത്തിന് മേലുള്ള കേന്ദ്രസർക്കാരിൻ്റെ കടന്നുകയറ്റമാണ്. മാത്രമല്ല, ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യവും കഴിവും പരിഗണിച്ച് അതാത് ഗ്രാമപഞ്ചായത്തുകൾക്ക് തൊഴിലുറപ്പ് പണികൾ നിശ്ചയിക്കാനാകും. കേന്ദ്രസർക്കാർ നൽകുന്ന തൊഴിലുറപ്പ് പണികൾ ചെയ്യാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നതോടെ നിർധനരായ നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമാകും. കാർഷിക സീസണിൽ 60 ദിവസം തൊഴിൽ നഷ്ടപ്പെടാൻ ഇടയാകുന്നത് ഗ്രാമീണ മേഖലയിലെ പല കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കും.
പഴയ നിയമപ്രകാരം തൊഴിലാളികൾ ജോലി ചോദിച്ചാൽ കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ ഓരോ സംസ്ഥാനത്തിനും മുൻകൂട്ടി നിശ്ചയിച്ച ബജറ്റിന്റെ അടിസ്ഥാനത്തിലാകും തൊഴിൽ നൽകുക. തൊഴിൽ ദിനങ്ങൾ നൂറിൽ നിന്ന് 125 ആക്കി എന്ന് കേന്ദ്രം പറയുമ്പോഴും പദ്ധതി വിഹിതത്തിന്റെ 40% സംസ്ഥാനം വഹിക്കേണ്ടി വരുന്നത് തൊഴിൽ ദിനങ്ങൾ കുറയാൻ സാധ്യതയുണ്ട്. നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളിൽ വിഹിതത്തിന്റെ പേരിൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടും. 100% വും കേന്ദ്രം വഹിച്ചിരുന്ന ഈ പദ്ധതി പൂർണ്ണമായും കേന്ദ്രസർക്കാർ കൈയൊഴിഞ്ഞിരിക്കുകയാണ്. ബിജെപി ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഐക്യപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, റോയ് അറയ്ക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, ദേശീയ പ്രവർത്തക സമിതി അംഗം മൂവാറ്റുപുഴ അഷറഫ് മൗലവി, മറ്റ് സംസ്ഥാന ഭാരവാഹികൾ, പ്രവർത്തകസമിതി അംഗങ്ങൾ, ജില്ലാ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറിമാർ പങ്കെടുത്തു.
