ആദിവാസി അധ്യാപകന് നേരെ ജാതി അധിക്ഷേപം: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ അടക്കം 18 പേര്‍ക്കെതിരേ കേസ്

Update: 2025-01-28 04:29 GMT

ബംഗളൂരു: ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അധ്യാപകനെതിരേ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരേ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) മുന്‍ ഡയറക്ടര്‍ ബലറാമും കേസില്‍ പ്രതിയാണ്.

ക്രിസ് ഗോപാലകൃഷ്ണന്‍ ബോര്‍ഡ് അംഗമായിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ സുസ്ഥിര സാങ്കേതിക വിദ്യാ സെന്ററിലെ അധ്യാപകനായിരുന്ന ദുര്‍ഗപ്പ എന്ന യുവാവ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഭോവി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള തന്നെ 2014ല്‍ ഹണി ട്രാപ്പില്‍ കുടുക്കിയെന്നും ജോലിയില്‍ നിന്നു പിരിച്ചുവിട്ടെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പ്രതികളെല്ലാം കൂടി ജാതി അധിക്ഷേപം നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് കേസെടുക്കാന്‍ സദാശിവ നഗര്‍ പോലിസിന് കോടതി നിര്‍ദേശം നല്‍കിയത്. ഗോവിന്ദന്‍ രംഗരാജന്‍, ശ്രീധര്‍ വാര്യര്‍, സന്ധ്യ വിശ്വസ്വരയ്യ, കെ വി എസ് ഹരി, ദാസപ്പ, ഹേമലത മിഷി, കെ ചട്ടോപാധ്യായ, പ്രദീപ് ഡി സാക്കര്‍, മനോഹരന്‍ തുടങ്ങിയവരാണ് മറ്റുപ്രതികള്‍.