മോദിയെയും ആര്‍എസ്എസിനെയും കുറിച്ച് കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെതിരേ കേസ്

ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെതിരെ കേസെടുത്തു. ആര്‍എസ്എസ് നേതാവ് വിനയ് ജോഷി എന്നയാള്‍ നല്കിയ പരാതിയിലാണ് ഹേമന്ദ് മാളവിയ എന്ന കാര്‍ട്ടൂണിസ്റ്റിനെതിരെ ലസൂദിയ പോലിസ് കേസെടുത്തത്. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കല്‍, മതവിശ്വാസം വ്രണപ്പെടുത്തല്‍, സമാധാന അന്തരീക്ഷം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന തന്റെ കാര്‍ട്ടൂണുകളാണ് കേസിന് കാരണമെന്ന് ഹേമന്ദ് മാളവിയ പറഞ്ഞു. സമാനമായ രണ്ടു കേസുകള്‍ മുമ്പ് എടുത്തിരുന്നു. അവയില്‍ നടപടികള്‍ പോലിസ് തന്നെ അവസാനിപ്പിക്കുകയാണ് ചെയ്തത്. യോഗാ ഗുരു രാംദേവിനെ കുറിച്ചുള്ള കാര്‍ട്ടൂണിനും നരേന്ദ്ര മോദിയുടെ അമ്മ മരിച്ചപ്പോള്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനും എതിരെയായിരുന്നു ആ കേസുകള്‍.

ആര്‍എസ്എസിനെ പ്രകോപിപ്പിക്കാനാണ് ഹേമന്ദ് മാളവിയ പോസ്റ്റുകള്‍ ഇട്ടതെന്ന് പരാതിക്കാരനായ വിനയ് ജോഷി ആരോപിക്കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊണ്ട് അക്രമവും കലാപവും നടത്തിക്കാന്‍ ഉദ്ദേശിച്ചാണ് ഹേമന്ദ് മാളവിയ പോസ്റ്റുകള്‍ ഇട്ടതെന്നും പരാതി പറയുന്നു.