ന്യൂഡല്‍ഹി: ഇന്‍ഡിഗോ കമ്പനിയുടെ സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ കമ്പനിയെ നിരീക്ഷിച്ചിരുന്ന ഫ്ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ പിരിച്ചുവിട്ടു. നാലു ഇന്‍സ്‌പെക്ടര്‍മാരെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിരിച്ചുവിട്ടതെന്ന് ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്‍ഡിഗോയെ നിരീക്ഷിക്കുന്നതിലും അന്വേഷിക്കുന്നതിലും വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്‍ഡിഗോ വിമാന സര്‍വീസുകളിലെ പ്രതിസന്ധിമൂലം നൂറിലധികം സര്‍വീസുകളാണ് രാജ്യത്ത് റദ്ദാക്കിയിരുന്നത്. പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിയ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍ നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഡിസംബര്‍ 3, 4, 5 തീയതികളിലെ യാത്രക്കാര്‍ക്കാണ് വൗച്ചര്‍ നല്‍കുക.