75 കിലോമീറ്ററായി വര്‍ധിപ്പിച്ച ഇന്ത്യയുടെ ഭൂതല മിസൈല്‍ പിനാകെ പരീക്ഷണം വിജയകരം

എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ബാരല്‍ റോക്കറ്റ് സംവിധാനമാണ് പിനാകെ. 44 സെക്കന്റില്‍ 72 റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ ഇതിന് സാധിക്കും

Update: 2021-12-12 10:46 GMT

ന്യൂഡല്‍ഹി: ആക്രമണ പരിധി 75 കിലോമീറ്ററായി വര്‍ധിപ്പിച്ച ഇന്ത്യയുടെ ഭൂതല മിസൈല്‍ വിക്ഷേപണിയായ പിനാകെയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണം രാജസ്ഥാനിലെ പൊഖറാനില്‍ വിജയകരമായി നടന്നു. നേരത്തെ നടത്തിയ ആദ്യ രണ്ട് റോക്കറ്റുകളുടെയും പരീക്ഷണം വിജയകരമായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന പരീക്ഷണത്തില്‍ വിവിധ ദൂരങ്ങളിലേക്ക് 24 ഓളം റോക്കറ്റുകള്‍ വിജയകരമായി തൊടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരീക്ഷണങ്ങളുടെ ലക്ഷ്യങ്ങള്‍ തൃപ്തികരമായിരുന്നതായിരുന്നെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ പിനാകെയുടെ ദൂരപരിധി 45 കിലോമീററ്ററാണ്. എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ബാരല്‍ റോക്കറ്റ് സംവിധാനമാണ് പിനാകെ. 44 സെക്കന്റില്‍ 72 റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ ഇതിന് സാധിക്കും. കഴിഞ്ഞ മേയില്‍ ലഡാക്കില്‍ ആരംഭിച്ച സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചൈനാ അതിര്‍ത്തിയില്‍ അടുത്തിടെ പിനാകെ വിന്യസിച്ചിരുന്നു. ചൈനക്ക് പുറമെ പാക് ഭീഷണികള്‍ നേരിടുന്നതിനും പിനാകെ ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ് സൈന്യം. പ്രതിരോധ ഗവേഷണ വികസന സംഘടന കൈമാറിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വകാര്യ കമ്പനിയാണ് പിനാകെ റോക്കറ്റുകള്‍ നിര്‍മിക്കുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ), പുനൈ ആര്‍മമെന്റ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്, സ്വകാര്യകമ്പനികളായ ലാര്‍സന്‍ ആന്റ്ടുബ്രോ,പറ്റ പവര്‍ എന്നിവര്‍ സംയുക്തമായാണ് പിനാകെ രൂപവല്‍കരണം നടത്തിയിരിക്കുന്നത്.

Tags:    

Similar News