ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി സിന്‍ഡിക്കേറ്റ് തകര്‍ത്തു; മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണ് ലീഡര്‍
കൊച്ചി: ഡാര്‍ക്ക് വെബ്ബിലൂടെ ലഹരിവസ്തു-ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തിയിരുന്ന കെറ്റാമെലന്‍ കാര്‍ട്ടല്‍ പൊളിച്ചെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍സിബിയുടെ കൊച്ചി സോണല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന 'ഓപ്പറേഷന്‍ മെലനി'ലാണ് ലഹരിമരുന്ന് സംഘം വലയിലായത്. മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണ് കാര്‍ട്ടലിനെ നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തി.
ഏകദേശം 35.12 ലക്ഷം രൂപ വിലമതിക്കുന്ന 131.66 കിലോഗ്രാം കെറ്റാമിന്‍, 1,127 എല്‍എസ്ഡി സ്റ്റാംപുകള്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ ക്രിപ്‌റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
'കെറ്റാമെലന്‍' കാര്‍ട്ടലിന് ബംഗളൂരു, ചെന്നൈ, ഭോപാല്‍, പട്ന, ഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍എസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം.
കഴിഞ്ഞ 14 മാസത്തിനിടെ 600 പാക്കറ്റുകളാണ് ഡാര്‍ക്വെബ് വഴി 'കെറ്റാമെലന്‍' സംഘം വില്‍പന നടത്തിയതെന്നും എന്‍സിബി കണ്ടെത്തി. ജൂണ്‍ 28ന് കൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്സലുകളില്‍ നിന്നാണ് സംശയം ഉയര്‍ന്നത്. ഇതില്‍ 280 എല്‍എസ്ഡി സ്റ്റാംപുകള്‍ ഉണ്ടെന്നു അന്വേഷണത്തില്‍ കണ്ടെത്തുകയും ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പാഴ്സലുകള്‍ ബുക്ക് ചെയ്ത എഡിസന്റെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 131.66 ഗ്രാം കെറ്റാമിനും 847 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ ഒരേയൊരു 'ലെവല്‍ 4' ഡാര്‍ക്വെബ് ഇടപാടുകാരാണ് പിടിയിലായതെന്നും എന്‍സിബി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി വില്‍പനക്കാരായ കുപ്രസിദ്ധനായ ഡോ.സ്യൂസിന്റെ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വെണ്ടര്‍ ഗുംഗ ദിനി'ല്‍ നിന്നാണ് 'കെറ്റാമെലന്‍' കാര്‍ട്ടല്‍ പ്രധാനമായും ലഹരിമരുന്ന് ശേഖരിച്ചിരുന്നതെന്നും എന്‍സിബി കണ്ടെത്തി.
