''ഇന്ത്യക്കാര്‍ മോശക്കാരാണ്''; യുഎസില്‍ മലയാളി നഴ്‌സിനെ ആക്രമിച്ചയാള്‍ക്കെതിരെ കേസെടുത്തു; വിദ്വേഷക്കുറ്റവും ചുമത്തി
ഫ്‌ളോറിഡ: ഇന്ത്യക്കാര്‍ മോശക്കാരാണെന്ന് ആരോപിച്ച് മലയാളി നഴ്‌സിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച യുഎസ് പൗരനെതിരെ കേസെടുത്തു. കൊലപാതകശ്രമം, വിദ്വേഷക്കുറ്റം എന്നിവയാണ് സ്റ്റീഫന്‍ സ്‌കാന്റില്‍ബറി(33) എന്നയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫ്‌ളോറിഡയിലെ എച്ച്‌സിഎ പാംസ് വെസ്റ്റ് ആശുപത്രിയിലെ നഴ്‌സായ ലീലാമ്മ ലാല്‍(67) ആണ് ആക്രമണത്തിന് ഇരയായത്. മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞാണ് സ്റ്റീഫന്‍ സ്്കാന്റില്‍ബറി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് പരിശോധനകള്‍ നടക്കുന്നതിനിടെ ഇയാള്‍ ലീലാമ്മയെ ആക്രമിക്കുകയായിരുന്നു. മുഖത്ത് നിരവധി തവണ ഇടിക്കുകയാണ് ചെയ്തത്. ''ഇന്ത്യക്കാര്‍ മോശക്കാരാണെന്നും ഒരെണ്ണത്തിനെ ഇടിച്ച് നിരപ്പാക്കിയെന്നും'' ഇയാള്‍ പറയുകയും ചെയ്തു.
ലീലാമ്മ നിലവില്‍ സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍ ഐസിയുവില്‍ ചികില്‍സയിലാണ്. ലീലാമ്മയുടെ മുഖത്തെ എല്ലുകള്‍ എല്ലാം പൊട്ടിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇരുകണ്ണുകളുടെയും കാഴ്ച്ച തിരികെ കിട്ടാന്‍ പ്രയാസമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. യുകെയില്‍ കഴിഞ്ഞ ആഴ്ച്ച മലയാളി നഴ്‌സായ അക്കാമ്മ ചെറിയാന് നേരെയും ആക്രമണം നടന്നിരുന്നു.