ഇന്ത്യന്‍ ടെക്കിയെ യുഎസ് പോലിസ് വെടിവച്ചു കൊന്നു; വംശീയ പീഡനമുണ്ടായെന്ന് കുടുംബം
കാലിഫോണിയ: ഇന്ത്യന്‍ ടെക്കിയെ യുഎസ് പോലിസ് വെടിവച്ചു കൊന്നു. തെലങ്കാനയിലെ മഹ്ബൂബ് നഗര്‍ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെ(39)നെയാണ് സെപ്റ്റംബര്‍ മൂന്നിന് വെടിവച്ചു കൊന്നതെന്ന് സാന്താക്ലാര പോലിസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. മുഹമ്മദ് നിസാമുദ്ദീനും റൂംമേറ്റും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും അത് കത്തിക്കുത്തിലേക്ക് നയിച്ചെന്നും തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നും പോലിസിന്റെ പ്രസ്താവന പറയുന്നു. എന്നാല്‍, അക്രമത്തെ കുറിച്ച് പോലിസിനെ വിളിച്ചറിയിച്ചത് നിസാമുദ്ദീനായിരുന്നു. പക്ഷേ, പോലിസ് എത്തി നിസാമുദ്ദീനെ വെടിവച്ചു കൊന്നു.
യുഎസിലെ ഫ്‌ളോറിഡയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീന്‍ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. വംശീയ പീഡനം, വേതന തട്ടിപ്പ്, ജോലിയില്‍ നിന്ന് തെറ്റായി പിരിച്ചുവിടല്‍ എന്നിവയെക്കുറിച്ച് നിസാമുദ്ദീന്‍ പരാതികള്‍ നല്‍കിയിരുന്നു. വംശീയ വിദ്വേഷം, വംശീയ വിവേചനം, വംശീയ പീഡനം, പീഡനം, തെറ്റായ പിരിച്ചുവിടല്‍ എന്നിവയുടെ ഇരയായി താന്‍ മാറിയിട്ടുണ്ടെന്ന് പറയുന്ന നിസാമുദ്ദീന്റെ സോഷ്യല്‍മീഡിയ പോസ്റ്റും അദ്ദേഹത്തിന്റെ കുടുംബം ചൂണ്ടിക്കാട്ടി. ആരോപണങ്ങളെക്കുറിച്ചും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് മജ്ലിസ് ബച്ചാവോ തെഹ്‌രീക് വക്താവ് അംജദുല്ലാ ഖാന്‍ കത്തെഴുതിയിട്ടുണ്ട്.
