മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടെന്ന് ഇന്ത്യക്കാരന്റെ റീല്‍; ഫോളോവേഴ്‌സിനെ വര്‍ധിപ്പിക്കാനുള്ള ശ്രമമെന്ന് സൗദി പോലിസ്

Update: 2025-10-25 15:17 GMT

റിയാദ്: സൗദിയിലെ മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടെന്ന ഇന്ത്യക്കാരന്റെ റീലില്‍ അന്വേഷണം നടത്തി സൗദി പോലിസ്. ആരോപണമുന്നയിച്ച ഇന്ത്യക്കാരനെ കണ്ടെത്തിയെന്നും അയാളുമായി സംസാരിച്ചെന്നും സൗദി പോലിസ് അറിയിച്ചു. അയാള്‍ക്ക് വിസ നല്‍കിയ സൗദി പൗരനുമായും പോലിസ് സംസാരിച്ചു. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ടാവാന്‍ വേണ്ടിയാണ് ഇയാള്‍ റീല്‍ പ്രസിദ്ധീകരിച്ചതെന്നാണ് പോലിസ് കണ്ടെത്തിയത്. തുടര്‍ന്ന് നിയമപ്രകാരമുള്ള നടപടികള്‍ സൗദി പോലിസ് അയാള്‍ക്കെതിരേ സ്വീകരിച്ചു.

ഉത്തര്‍പ്രദേശിലെ അലഹബാദിലെ ഹാണ്ഡിയ സ്വദേശിയായ ഒരാളാണ് തന്നെ ഒട്ടകങ്ങളെ മേയ്ക്കാന്‍ മരുഭൂമിയില്‍ വിട്ടിരിക്കുകയാണെന്ന് റീല്‍ പ്രസിദ്ധീകരിച്ചത്. തന്റെ പാസ്‌പോര്‍ട്ട് തൊഴിലുടമ പിടിച്ചുവച്ചിരിക്കുകയാണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റീലില്‍ പറഞ്ഞിരുന്നു. താന്‍ ഇവിടെ മരിക്കുമെന്നും നാട്ടില്‍ കൊണ്ടുപോവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായിക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയത്തില്‍ സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവും ഇടപെട്ടു.