അയര്‍ലാന്‍ഡില്‍ ഇന്ത്യക്കാരനെതിരേ വലതുപക്ഷ ആക്രമണം; നീതി വേണമെന്ന് ഇന്ത്യ

Update: 2025-07-23 03:32 GMT

ഡബ്ലിന്‍: അയര്‍ലാന്‍ഡിലെ ഡബ്ലിനില്‍ ഇന്ത്യക്കാരന്‍ വംശീയ ആക്രമണത്തിന് ഇരയായി. കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വലതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ ഇന്ത്യക്കാരനെ ആക്രമിച്ചത്. ആക്രമണത്തിന് ഇരയായ ആള്‍ കുട്ടികളോട് മോശമായി പെരുമാറിയില്ലെന്നും ചില സംഘടനകളുടെ പ്രചാരണ രീതിയാണ് അതെന്നും പോലിസ്(ഗാര്‍ഡ) അറിയിച്ചു. ജൂലൈ 19ന് ഡബ്ലിനിലെ തല്ലാട്ടിലാണ് സംഭവം നടന്നത്. ഈ പ്രദേശത്ത് വിദേശികള്‍ക്കെതിരേ സ്ഥിരമായി ആക്രമണം നടക്കുന്നുണ്ടെന്ന് ഐറിഷ് നീതിന്യായ മന്ത്രി ജിം കല്ലാഗ്ന്‍ പറഞ്ഞു.

''കുറ്റകൃത്യങ്ങള്‍ക്ക് കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നത് വര്‍ധിച്ചുവരുകയാണ്. ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണം. ഞാന്‍ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ചിരുന്നു. കുറ്റങ്ങള്‍ ചെയ്ത് ജയിലില്‍ കിടക്കുന്ന കുടിയേറ്റക്കാര്‍, സമൂഹത്തിലെ അവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. കുടിയേറ്റക്കാര്‍ കൂടുതല്‍ കുറ്റം ചെയ്യുന്നവരാവുമെന്ന തോന്നല്‍ തെറ്റാണ്''-അദ്ദേഹം പറഞ്ഞു. വംശീയ ആക്രമണത്തെ അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര അപലപിച്ചു.