30 വര്‍ഷം മുമ്പ് ജോലിക്ക് കയറുമ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന്; സൗദിയില്‍ 66 കാരന്‍ അറസ്റ്റില്‍

Update: 2025-07-17 06:15 GMT

ജിദ്ദ: സൗദിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ എഞ്ചിനീയറെ പോലിസ് അറസ്റ്റ് ചെയ്തു. ഹജ്ജ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ സൗദി പോലിസ് കസ്റ്റഡിയില്‍ എടുത്തത്. 30 വര്‍ഷം മുമ്പ് ജോലിക്ക് കയറുമ്പോള്‍ നല്‍കിയത് വ്യാജ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റായിരുന്നു എന്ന് ആരോപിച്ചാണ് അറസ്റ്റ്.

സൗദിയില്‍ 18 വര്‍ഷം ജോലിയെടുത്തയാള്‍ 12 വര്‍ഷം മുമ്പാണ് ആന്ധ്രാപ്രദേശിലേക്ക് മടങ്ങിയത്. അടുത്തിടെ ഇയാള്‍ ഹജ്ജിനായി സൗദിയില്‍ എത്തി. എന്നാല്‍, ഹജ്ജ് കഴിഞ്ഞ് തിരികെ പോവുമ്പോള്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. 30 വര്‍ഷം മുമ്പത്തെ കേസുണ്ടെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വീല്‍ ചെയറില്‍ കഴിയുന്ന അദ്ദേഹത്തോട് രാജ്യം വിടരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ബംഗളൂരുവിലെ കോളജിലാണ് താന്‍ എഞ്ചിനീയറിങ് പഠിച്ചതെന്നും രേഖകള്‍ വ്യാജമായി നിര്‍മിച്ചിട്ടില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സൗദി അധികൃതര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമ അറ്റസ്റ്റേഷന്‍ നടന്നോ എന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.