പാലും പനീറും സസ്യാഹാരമല്ലെന്ന് ഡോക്ടര്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ചര്‍ച്ച
ബംഗളൂരു: പാലും പനീറും സസ്യാഹാരമല്ലെന്ന വനിതാ ഡോക്ടറുടെ സോഷ്യല്‍മീഡിയ പോസ്റ്റ് ഭക്ഷണത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ചര്‍ച്ചക്ക് കാരണമായി. മൃഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഒന്നിനെയും സസ്യാഹാരമായി കാണരുതെന്നാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ എത്തിക്‌സിന്റെ വര്‍ക്കിങ് എഡിറ്റര്‍ ഡോ. സില്‍വിയ കാര്‍പഗം സോഷ്യല്‍ മീഡിയയായ എക്‌സില്‍ പോസ്റ്റിട്ടത്.
പനീറും പരിപ്പും സാലഡും നാളികേര കൊത്തും അടങ്ങിയ ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനും നാരുകളുമുണ്ടെന്ന ഡോ. സുനിത സായമ്മഗരുവിന്റെ ചിത്രമടക്കമുള്ള പോസ്റ്റിനെ ചോദ്യം ചെയ്താണ് ഡോ. സില്‍വിയ കാര്‍പഗം പോസ്റ്റിട്ടത്. പാലും പനീറുമെല്ലാം കോഴിയിറച്ചിയും പോത്തിറച്ചിയും മീനും പോലെ മാംസാഹാരമാണെന്ന് അവര്‍ പറഞ്ഞു. ഇതാണ് സസ്യാഹാരികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് കാരണമായത്. പനീറും പാലും മാംസാഹാരമല്ലെന്ന് പറഞ്ഞ് ചില സസ്യാഹാരികള്‍ രംഗത്തെത്തുകയായിരുന്നു.
കോഴിയേയും പോത്തിനെയും അറുത്തതിന് ശേഷമാണ് മാംസം ലഭിക്കുന്നതെന്നും പാല്‍ അങ്ങനെയല്ലെന്നും അവര്‍ വാദിച്ചു. എന്നാല്‍, കോഴികളെ അറുക്കാതെ ലഭിക്കുന്ന മുട്ടയെ സസ്യാഹാരമായി കാണാത്തത് എന്തുകൊണ്ടാണെന്ന് ഡോ.സില്‍വിയ തിരിച്ചുചോദിച്ചു. ഇതേതുടര്‍ന്ന് വലിയ ചര്‍ച്ചകളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വിവിധപ്രദേശങ്ങളില്‍ സസ്യാഹാരത്തിലുള്ള വ്യത്യാസവും ഇതോടെ വെളിപ്പെട്ടു. മുട്ട ഒഴിവാക്കി പാലും പനീറും നെയ്യും കഴിക്കുന്ന സസ്യാഹാര രീതിയാണ് പൊതുവില്‍ ഇന്ത്യയിലുള്ളത്. എന്നാല്‍, ചില സസ്യാഹാരികള്‍ മീനും മുട്ടയും കഴിക്കും.
