ആക്രമണത്തിന് ഉപയോഗിച്ചത് റഫാല്‍ യുദ്ധവിമാനങ്ങളും സ്‌കാല്‍പ്പ് മിസൈലുകളുമെന്ന് റിപോര്‍ട്ട്
ന്യൂഡല്‍ഹി: പാകിസ്താനില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ചത് ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍ യുദ്ധവിമാനങ്ങളെന്ന് റിപോര്‍ട്ട്. ഈ വിമാനങ്ങളില്‍ സ്‌കാല്‍പ്പ് മിസൈലുകളും ഹാമര്‍ ബോംബുകളും ഉണ്ടായിരുന്നതായി ഇന്ത്യാടുഡേ റിപോര്‍ട്ട് ചെയ്തു. പാകിസ്താന്റെ അതിര്‍ത്തി ലംഘിക്കാതെ ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പറന്നാണ് റഫാല്‍ വിമാനങ്ങള്‍ മിസൈലുകളും ബോംബുകളും ഇട്ടതെന്ന് റിപോര്‍ട്ട് പറയുന്നു.
സ്റ്റോം ഷാഡോ എന്നറിയപ്പെടുന്ന സ്‌കാല്‍പ്പ് മിസൈലുകള്‍ ദീര്‍ഘദൂര ലക്ഷ്യങ്ങളെ ആക്രമിക്കാനാണ് ഉപയോഗിക്കുക.
യൂറോപ്യന്‍ കമ്പനിയായ എംബിഡിഎ നിര്‍മിക്കുന്ന ഈ മിസൈല്‍ വായുവില്‍ നിന്നാണ് വിക്ഷേപിക്കുക. ബങ്കറുകളെയും മറ്റും ആക്രമിക്കാന്‍ ഇത് ഉപയോഗിക്കാം. 1,300 കിലോഗ്രാം തൂക്കമുള്ള ഈ മിസൈല്‍ യുകെയുടെ യൂറോഫൈറ്റര്‍ ടൈഫൂണ്‍ വിമാനത്തിലും ഫ്രാന്‍സിന്റെ റഫാലിലും ഉപയോഗിക്കാന്‍ കഴിയും. ഇറാഖ്, ലിബിയ, സിറിയ എന്നിവിടങ്ങളില്‍ ഈ മിസൈലുകള്‍ വിവിധ സൈന്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
ഫ്രെഞ്ച് എയര്‍ഫോഴ്‌സും നേവിയും വികസിപ്പിച്ച ഹൈലി എഗൈല്‍ മോഡുലാര്‍ മുണീഷന്‍ എക്‌സറ്റെന്‍ഡഡ് റെയിഞ്ച് എന്ന ബോംബാണ് ഹാമര്‍ എന്നറിയപ്പെടുന്നത്.
മീഡിയം റേഞ്ചുള്ള ഇത് യുദ്ധവിമാനത്തില്‍ നിന്നാണ് വിക്ഷേപിക്കുക.
